Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.എച്ച്.ആര്‍: സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ ആശങ്ക വേണ്ട: കെ. സലിംകുമാര്‍

26 Oct 2024 13:00 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: സി.എച്ച്.ആര്‍ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍. സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിര്‍ദ്ദേശം സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട. എക്കാലവും കര്‍ഷക വിരുദ്ധ നിലപാടുകള്‍ മാത്രം സ്വീകരിച്ചിട്ടുള്ള യു.ഡി.എഫും കോണ്‍ഗ്രസും ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

സുപ്രീം കോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ളത് ഇടക്കാല ഉത്തരവ് മാത്രമാണ്. കേസ് ഡിസംബറില്‍ വീണ്ടും പരിഗണിക്കുമ്പോള്‍ അത് പുനഃപരിശോധിപ്പിക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബുധനാഴ്ച വൈകിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സുപ്രീം കോടതിയില്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഏലമല പ്രദേശം വനഭൂമിയല്ലെന്ന സര്‍ക്കാര്‍ നിലപാട് അതില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. സി.എച്ച്.ആര്‍ വനമല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ തോമസ് 2007 നവംബറില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ തുടര്‍ച്ചയായാണിത്.

1822 ലെ ഏലംകൃഷിക്കുവേണ്ടിയുള്ള വിജ്ഞാപനത്തില്‍ കൃത്യമായ അളവ് പറയുന്നില്ല, അതിരുകള്‍ മാത്രമാണ് പറയുന്നത്. ഇ. ചന്ദ്രശേഖരന്‍ മന്ത്രിയായിരുന്നപ്പോള്‍ സി.എച്ച് ആര്‍ അളവുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി കര്‍ഷകര്‍ ഏലം കൃഷി ചെയ്യുന്ന ഈ പ്രദേശത്ത് വനംവകുപ്പിന് ഒരു അധികാരവുമില്ല. വനം വകുപ്പിന്റെ അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ല.എല്‍.ഡി.എഫും ഇടതുപക്ഷ സര്‍ക്കാരുകളും ഏലമല പ്രദേശം പൂര്‍ണമായും റവന്യു ഭൂമിയാണെന്നും വനഭൂമിയല്ലെന്നും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചതും ഈ നിലപാട് തന്നെയാണ്. ആയിരക്കണക്കായ ഏലം കര്‍ഷകരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള ഏറ്റവും ശക്തമായ തീരുമാനമാണ് എല്‍.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്.ഉമ്മന്‍ ചാണ്ടി മന്ത്രി സഭയുടെ കാലത്താണ് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കി പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്നും സലിംകുമാര്‍ പറഞ്ഞു.


Follow us on :

More in Related News