Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ പരാമർശം ശരിയായില്ല, ഖലീഫമാരുടെ കാലം നല്ലത് തന്നെ : ഡോ.ഹുസൈൻ മടവൂർ

01 Nov 2024 20:29 IST

enlight media

Share News :

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പരാമർശിക്കവേ ഖലീഫമാരുടെ പഴയ കാലത്തേക്കാണ് അവർ സമുദായത്തെ കൊണ്ട് പോവാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞത് ശരിയായില്ലെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയ അദ്ദേഹം വാർത്താ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.


നബിയിൽ നിന്ന് നേരിട്ട് ഇസ്ലാമിനെ മനസ്സിലാക്കിയവരാണ് ഖലീഫമാർ. അവർ നബിയുടെ ഏറ്റവുമടുത്ത അനുയായികളുമായിരുന്നു . അവരുടെ ജീവിതവും ഭരണ സംവിധാനങ്ങളും നിസ്തുലവും ഏറെ മാതൃകാപരവുമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ലോക മുസ്‌ലിംകളെല്ലാം കക്ഷിഭേദമെന്യ ഖലീഫമാരുടെ ജീവിതം മാതൃകയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. . നബിയുടെ അനുചരന്മാരെ അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ടെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഏറ്റവും നല്ല കാലം നബിയുടെയും നബിയുടെ അനുചരന്മാരുടെയും കാലമാണെന്ന് നബിവചനത്തിൽ കാണാം.

നീതിയും ന്യായവും കളിയാടുന്ന സുന്ദരമായ ജീവിതരീതിയും ഭരണക്രമവുമാണ് ഖലീഫമാർ കാഴ്ചവെച്ചത്. അഴിമതിയും സ്വജനപക്ഷപക്ഷിുമില്ലാത്ത സൽഭരണമായിരുന്നു അത്. അവർ പൗരന്മാരുടെ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തി.

പാവങ്ങളുടെ അവകാശമായ സകാത്ത് (നിർബന്ധ ദാനം) നൽകാത്തവരോട് യുദ്ധം പ്രഖ്യാപിച്ചത് ഒന്നാം ഖലീഫ അബൂബക്കർ ആണ്.

ജെറുസലമിൻ്റെ ഭരണം ഏറ്റെടുത്ത രണ്ടാം ഖലീഫ ഉമർ അവിടെയുള്ള ജൂത ക്രൈസ്തവ സമുദായങ്ങളുടെ വീടുകളും സ്വത്തുക്കളും ആരാധനാലയങ്ങളും മതചിഹങ്ങളും സംരക്ഷിക്കപ്പെടുമെന്ന് വിളംബരം ചെയ്യുകയുണ്ടായി. ബഹുസ്വര സമൂഹത്തിലെ മതജീവിതം എങ്ങനെയായിരിക്കണമെന്ന് കാണിച്ച് കൊടുക്കുകയുമുണ്ടായിരുന്നു അദ്ദേഹം. പണക്കാരനായിരുന്ന ഖലീഫ ഉസ്മാൻ ഭരണാധികാരിയായ ശേഷം തൻ്റെ സ്വത്തുക്കളിൽ വലിയൊരു ഭാഗം ദാനം ചെയ്തും ലളിത ജീവിതം നയിച്ചും മാതൃക കാട്ടി. നബിയോട് ഏറ്റവും അടുത്ത ബന്ധുവും സന്തത സഹചാരിയുമായിരുന്ന ഖലീഫാ അലി ആ ബന്ധം വ്യക്തിതാൽപര്യങ്ങൾക്ക് ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. ജോലി ചെയ്ത തൊഴിലാളികളുടെ വിയർപ്പ് വറ്റുന്നതിന്ന് മുമ്പായി അവരുടെ കൂലി കൊടുത്തു കൊള്ളണമെന്ന് നബി കൽപിച്ചത് പോലെ ഒരു സോഷ്യലിസ്റ്റും പറഞ്ഞിട്ടില്ല. നബിയുടെ ഈ കല്പന വന്നത് അവകാശങ്ങൾക്ക് വേണ്ടി സർവ്വലോകതൊഴിലാളികളേ സംഘടിക്കുവിൻ എന്ന തൊഴിലാളി ദിന പ്രമേയത്തിൻ്റെ പതിമൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പാണെന്നോർക്കണം.

നബിയുടെ കല്ലനകൾ നടപ്പിൽ വരുത്തി തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തിയവരാണ് ഖലീഫമാർ. സ്ത്രീകൾക്ക് തുല്യ നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും നൽകുകയും സ്ത്രീ പീഡനത്തിന്നും ലഹരി ഉപയോഗത്തിന്നും ശക്തമായ ശിക്ഷകൾ ഏർപ്പെടുത്തുകയും ചെയ്തതും അവർ തന്നെ.

മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം കുടിക്കാനായി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനം നീക്കിവെച്ചതും അക്കാലത്തെ ഒരു ജീവകാരുണ്യ പ്രവർത്തനമായിരുന്നു.


ഖലീഫമാരുടെ ജീവിതത്തെയോ ഭരണത്തെയോ കുറിച്ച് ഒരു ചരിത്രകാരനും മോശമായി ചിത്രീകരിച്ചിട്ടില്ല എന്നും ഹുസൈൻ മടവൂർ പറഞ്ഞു.

Follow us on :

More in Related News