Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാനഡയിൽ മരിച്ച ചാലക്കുടി സ്വദേശി ഡോണാ സാജന്റെ സംസ്ക്കാരം നടന്നു -ഭർത്താവ് കുറ്റിച്ചിറ സ്വദേശി ലാലിനെ ഇനിയും കണ്ടെത്താൻ കഴിയാതെ കനേഡിയൻ അന്വേഷണ സംഘം.

26 May 2024 11:41 IST

WILSON MECHERY

Share News :



ചാലക്കുടി: കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഡോണാ സാജന്റെ സംസ്കാരം വൻജനാവലിയെ സാക്ഷിയാക്കി ഇന്ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടന്നു. ചാലക്കുടി പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജൻ ( 29)മെയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 

ഭർത്താവ് ലാൽ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. മൂന്നുവർഷമായി ഇവർ വിവാഹിതരായിട്ട്. പതിവില്ലാത്ത വിധത്തിൽ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയിൽ കണ്ടത്.

 ഡോണയുടെ ഭർത്താവ് ലാൽ കെ.പൗലോസ് ഇപ്പോഴും ഒളിവിലാണ്. ഡോണയുടെ അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും ലാലിന്റെ കൈവശമുള്ളതായി പറയപ്പെടുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയ ലാൽ എങ്ങോട്ട് പോയി എന്നുള്ളതിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. ലാലിന്റെ പാസ് പോർട്ടിന്റെ കാലാവധി 19 ന് കഴിഞ്ഞിരുന്നു. ഇയാൾ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോർട്ടിൽ നാടുവിടുകയോ ചെയ്തിട്ടുണ്ടാകാം. ഡൽഹിയിൽ എത്തിയതായും പിന്നീട് മറ്റേതെങ്കിലും രാജ്യത്തിലേക്ക് കടന്നതായും പോലീസ് അനുമാനിക്കുന്നു.


 ലാൽ സ്ഥിരമായി ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നതായും അതിന്റെ പേരിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടായതായും തുടർന്ന് ഡോണയുമായി ഇതിന്റെ പേരിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നതായും പറയപ്പെടുന്നു.വീണ്ടും ചൂതാട്ടത്തിൽ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തിൽ കലാശിച്ചിരിക്കാം എന്നാണ് സംശയിക്കുന്നത്.

ലാൽ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തിൽ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിന്റെ ഭാഗമായി ലാലിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി.

പതിനെട്ട് ദിവസത്തിന് ശേഷം കാനഡയിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്.

Follow us on :

More in Related News