Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 15:27 IST
Share News :
പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ത്ത് അനബന്ധ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്‌സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രദേശ വാസികളെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കിയത്. ബലാല്‍സംഗം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തല്‍. നേരത്തെ സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നത് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മാതാപിതാക്കളെ സാക്ഷികളാക്കുകയായിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ മാതാപിതാക്കളെ പ്രതികളാക്കിയാണ് നിലവിലെ കുറ്റപത്രം.
അതേസമയം, വിചിത്രമായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വാളയാര്‍ നീതി സമരസമിതി രക്ഷാധികാരിയായ സിആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു. മരണം നടക്കുമ്പോള്‍ മാതാപിതാക്കള്‍ സ്ഥലത്തില്ല. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് അടിസ്ഥാനപരമായ ചോദ്യം. ആത്മഹത്യയാണെന്ന് സിബിഐ വാദിക്കുന്നു. അതു തന്നെ പിഴവാണ്. ആസൂത്രിതമായ കൊലപാതകമാണെന്ന് വിശ്വസിക്കുന്നു. 30കിലോ മീറ്റര്‍ ദൂരത്തിരുന്ന് മാതാപിതാക്കള്‍ കൊല നടത്തുമോ. മക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാതാപിതാക്കള്‍ എവിടെയെങ്കിലും ഉണ്ടാവുമോ എന്നും സിആര്‍ നീലകണ്ഠന്‍ ചോദിച്ചു. മക്കളുടെ മരണത്തില്‍ നീതി തേടി അലയുന്ന മാതാപിതാക്കളോട് സിബിഐ ഇങ്ങനെ പറയുന്നത്. സിബിഐ കള്ളക്കളി കളിക്കുന്നു. ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ല. നിയമപരമായി നേരിടുമെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.