Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 10:48 IST
Share News :
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുന്നതും അഭിഭാഷകര്‍ പരിഗണിക്കുന്നുണ്ട്. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിനെ തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചപ്പോഴും ഇത് തന്നെയാണ് ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചത്.
ഇതിനിടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ചില നാടകീയ സംഭവങ്ങള്‍ ഉണ്ടായി. ബോബിയെ കൃത്യമായി പരിശോധിക്കാന്‍ പോലീസ് ഡോക്ടറെ അനുവദിച്ചില്ലെന്ന് ആരോപിച്ച് ചിലര്‍ പോലീസ് വാഹനം തടഞ്ഞു. ബോബി ചെമ്മണ്ണൂരിന് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും കൃത്യമായി ഇസിജി എടുത്തില്ലെന്നും ആരോപിച്ചാണ് ആശുപത്രിയില്‍ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് വാഹനം ഇവര്‍ തടഞ്ഞത്. ഇത് ബോബിയുടെ ആരാധകര്‍ ആണോ ബൗണ്‍സമാര്‍ ആണോ എന്ന് വ്യക്തമല്ല.
ലൈംഗികമായി അധിക്ഷേപിച്ചെന്ന് നടി ഹണീ റോസിന്റെ പരാതിയില്‍ എടുത്ത കേസിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിരാമിയാണ് ശിക്ഷ വിധിച്ചത്. പ്രശസ്ത അഡ്വക്കേറ്റ് രാമപിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്. കോടതി ജാമ്യം നിഷേധിച്ച ഉടന്‍ തന്നെ തനിക്ക് ദേഹാസ്വസ്ഥം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനാല്‍ ബോബി ചെമ്മണ്ണൂരിനോട് കോടതിയില്‍ വിശ്രമിച്ചുകൊള്ളാന്‍ അനുവദിച്ചു. തനിക്ക് അള്‍സര്‍ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ബോബിയെ സമീപത്തുള്ള ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഭവം നടന്ന് ഏറെനാള്‍ക്ക് ശേഷം പരാതിയുമായി എത്തുന്നതില്‍ സംശയം ഉണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. അടുത്ത ദിവസം ഇറങ്ങുന്ന സിനിമയുടെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണ് ഈ കേസെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്ന് കോടതി അറിയിച്ചു. ജാമ്യം ഇപ്പോള്‍ നല്‍കേണ്ടതുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി അറിയിച്ചു. അതുകൊണ്ട് തന്നെ പ്രതിഭാഗം ഹാജരാക്കിയ വീഡിയോകള്‍ കാണാന്‍ പോലും കോടതി തയാറായില്ല
Follow us on :
Tags:
More in Related News
Please select your location.