Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 10:12 IST
Share News :
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നൽകുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎൽഎ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.
ചൂരൽമലയിലെ പുതിയ വീടിൻറെ ഗൃഹപ്രവേശനം പൂർത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തിൽ പരിക്കേറ്റ് കൽപ്പറ്റയിലെ താൽക്കാലിക പുനരധിവാസ കേന്ദ്രത്തിൽ കഴിയുമ്പോഴാണ് സഹായം എത്തുന്നത്. വീട് വെച്ചു നൽകുമെന്നതായിരുന്നു വാഗ്ദാനം. എന്നാൽ ശ്രുതിയുടെ താൽപ്പര്യം അനുസരിച്ച് കൽപ്പറ്റയിൽ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയത്.
മുന്നോട്ട് ജീവിക്കാൻ ശ്രുതിക്ക് ജോലി കൂടി വേണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജോലി നിലവിലെ സാഹചര്യത്തിൽ തുടരാൻ കഴിയില്ല. അതിനാൽ സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കുടംബത്തിലെ 9 പേരാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തിൽ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോൾ കൽപ്പറ്റയിൽ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. ഒരു കാലിന് ശസ്ത്രക്രിയ പൂർത്തിയായി. രണ്ടാമത്തെ കാലിനും വൈകാതെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. അതിനാൽ മാസങ്ങൾ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകു.
Follow us on :
Tags:
More in Related News
Please select your location.