Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 07:52 IST
Share News :
ചേര്‍ത്തല: ഭാര്യയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചുകൊടുത്തെന്നാരോപിച്ചു ഭാര്യാസഹോദരനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു 17 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. പിഴയൊടുക്കാത്തപക്ഷം 15 മാസംകൂടി തടവുശിക്ഷ അനുഭവിക്കണം. ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കുത്തിയതോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പറയകാട് അറപ്പത്തറ വീട്ടില്‍ സോമനെ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 450, 326, 307 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. എല്ലാംകൂടി ഒന്നിച്ച് ആറുവര്‍ഷത്തെ ശിക്ഷയനുഭവിക്കണം.
വിചാരണയ്ക്കുമുന്‍പേ പരിക്കേറ്റയാള്‍ മരിച്ചിരുന്നതിനാല്‍ ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിയുമായി പിണങ്ങി ഭാര്യ സ്വന്തം വീട്ടില്‍പ്പോയിരുന്നു. തുടര്‍ന്ന് ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തെന്നു പറഞ്ഞാണ് സഹോദരന്‍ കോടംതുരുത്ത് കൂവക്കാട്ടു തറയില്‍ ശശിക്കുേേനര പ്രതി അക്രമം നടത്തിയത്.
ഓഗസ്റ്റ് 24-നു പുലര്‍ച്ചെ രണ്ടോടെയാണ് വീട്ടില്‍ക്കയറി ഉറങ്ങുകയായിരുന്ന ശശിയെ വിളിച്ചുണര്‍ത്തി വെട്ടുകത്തികൊണ്ട് തലയ്ക്കുവെട്ടിയത്. തലയോട്ടിയിലും മുഖത്തും ആഴത്തില്‍ മുറിവേറ്റ ശശി കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.
ഒളിവില്‍പ്പോയ പ്രതിയെ പിന്നീട് ഇടുക്കിയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. 29 സാക്ഷികളെയും 39 രേഖകളും ആറ് മറ്റു തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. രാധാകൃഷ്ണന്‍ ഹാജരായി. കുത്തിയതോട് സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. ഫൈസലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Follow us on :
More in Related News
Please select your location.