Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ, സാംസ്‌കാരിക മേഖലയില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിക്ക് ആദരം

30 Sep 2026 20:27 IST

Regional Correspondent

Share News :

മലബാറിന്റെയും കൊച്ചിയുടെയും സമ്പന്നമായ

സാംസ്‌കാരിക പാരമ്പര്യം ആവാഹിച്ച എഴുത്തുകാരന്‍ 


കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലയില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിച്ചു. വേദി ഓഡിറ്റോറിയത്തില്‍ തേജസ് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദര ചടങ്ങ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ മാനവിക സൗഹാര്‍ദത്തിന്റെ മഹത്തായ സന്ദേശം പ്രസരിപ്പിച്ചത് സംഗീത പ്രതിഭകളാണ്. അവരാണ് ഫാസിസ്റ്റുകള്‍ സൃഷ്ടിച്ച എല്ലാ വേലിക്കെട്ടുകളും പൊളിച്ചെഴുതിയത്. ഈ ഫാസിസിറ്റ് കാലത്തും ആ വലിയ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട് എന്ന് ആലങ്കോട് ലീലാ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് എക്കാലത്തും കരുത്ത് പകര്‍ന്നത് സംഗീതമായിരുന്നു. മലബാറിന്റെയും കൊച്ചിയുടെയും അതി സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ആവാഹിച്ച ജമാല്‍ക്കയെ പോലുള്ള വ്യക്തികള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക എന്നും അദ്ദേഹം പറഞ്ഞു.

എന്‍.പി ചെക്കുട്ടി, എ.പി കുഞ്ഞാമു, കാനേഷ് പൂനൂര്‍, കെ.എച്ച് നാസര്‍, പി.എ.എം ഹാരിസ്, ഡോ. അസീസ് തരുവണ, എന്‍.എം സിദ്ദീഖ്, അഹ്മദ് ഷരീഫ്, ബാബുരാജ് ഭഗവതി, അംബിക, ഫായിസ് മുഹമ്മദ്, കെ.പി.ഒ റഹ്മത്തുല്ല, വി.എ മജീദ് എന്നിവര്‍ സംസാരിച്ചു. 

1944ല്‍ പശ്ചിമകൊച്ചിയില്‍ ജനിച്ച ജമാല്‍ കൊച്ചങ്ങാടി, സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പി.എ സൈനുദ്ദീന്‍ നൈനയുടെ മകനാണ്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം 'ഉജ്ജീവനം' എന്ന പേരില്‍ പത്രം നടത്തിയ വ്യക്തിയായിരുന്നു സൈനുദ്ദീന്‍ നൈന.


''പത്രങ്ങളുടെ വാര്‍ഷിക പതിപ്പിന് സവിശേഷ മുഖം നല്‍കിയ പത്രാധിപര്‍''


ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, പത്രാധിപര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജമാല്‍ കൊച്ചങ്ങാടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലീഗ് ടൈംസ്, മാധ്യമം, തേജസ് എന്നീ പത്രങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പത്രങ്ങളുടെ വാര്‍ഷികപ്പതിപ്പുകളെ ഗൗരവവായനയുടെയും സാംസ്‌കാരിക സംവാദങ്ങളുടെയും ഇടമാക്കി മാറ്റുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച പത്രാധിപര്‍ കൂടിയാണ് അദ്ദേഹം.

പി.എ ബക്കര്‍ സംവിധാനം ചെയ്ത 'ചാപ്പ' സിനിമയുടെ കഥ ജമാല്‍ കൊച്ചങ്ങാടിയുടേതാണ്. പി ഗോപകുമാര്‍ സംവിധാനം ചെയ്ത തളിരിട്ട കിനാക്കള്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചു. സംഗമം തിയേറ്റേഴ്സ്, സ്റ്റേജ് ഇന്ത്യാ ഇന്റര്‍നാഷണല്‍ എന്നിവയ്ക്കുവേണ്ടിയും നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് ജമാല്‍ കൊച്ചങ്ങാടി.

Follow us on :

More in Related News