Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള നിയമസഭയിൽ 210 സീറ്റുകൾ? രാഷ്ട്രീയ ഭൂപടം മാറുന്നു

16 Apr 2026 21:47 IST

PEERMADE NEWS

Share News :


പീരുമേട് : 140 ഓർമയിലേക്ക് ഇനി 106

​പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുൻപേ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണവും. നിലവിലെ 140 സീറ്റുകൾ എന്ന കണക്ക് ചരിത്രമാകാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ സൂചന. വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ നിയമസഭാ സീറ്റുകളുടെ എണ്ണം 210 ആയി ഉയർന്നേക്കാം. അങ്ങനെയെങ്കിൽ സംസ്ഥാനം ഭരിക്കാനുള്ള കേവല ഭൂരിപക്ഷ സംഖ്യ 71-ൽ നിന്ന് 106-ലേക്ക് മാറും.

​ഈ മാറ്റം മുന്നണി രാഷ്ട്രീയത്തിലും സീറ്റ് വിഭജനത്തിലും വലിയ വിപ്ലവത്തിന് വഴിവെക്കും. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾക്കായി അവകാശവാദം ഉന്നയിക്കുമ്പോൾ, പ്രധാന പാർട്ടികൾക്ക് നൂറിലധികം സീറ്റുകളിൽ മത്സരിക്കേണ്ടി വരും. പതിറ്റാണ്ടുകളായി പ്രമുഖ പുരുഷ നേതാക്കൾ കുത്തകയാക്കി വെച്ചിരിക്കുന്ന സുരക്ഷിത മണ്ഡലങ്ങൾ വനിതകൾക്കായി ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്നത് പലരുടെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്.

​നിയമസഭയിൽ മാത്രമല്ല, ലോക്സഭാ സീറ്റുകളിലും മാറ്റമുണ്ടാകും. 1977 മുതൽ മാറ്റമില്ലാതെ തുടരുന്ന 20 ലോക്സഭാ സീറ്റുകൾ എന്ന കണക്ക് 30 ആയി ഉയരാനാണ് സാധ്യത. കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാൽ, 1957-ൽ 114 മണ്ഡലങ്ങളായിരുന്നിടത്ത് നിന്ന് 1965-ൽ 133-ഉം, 1977 മുതൽ ഇന്നുവരെ 140-ഉം ആയാണ് സീറ്റുകൾ വർദ്ധിച്ചത്.

​നിലവിൽ വിസ്തൃതിയിൽ ഏറ്റവും വലിയ മണ്ഡലം പത്തനംതിട്ടയിലെ കോന്നിയും (1,611.93 ച.കി.മീ), വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മലപ്പുറത്തെ തിരൂരുമാണ് (ഏകദേശം 2.55 ലക്ഷം). വോട്ടർമാർ ഏറ്റവും കുറവുള്ള എറണാകുളം പോലുള്ള മണ്ഡലങ്ങൾ പുനർനിർണ്ണയത്തോടെ പൂർണ്ണമായും മാറിയേക്കാം.

Follow us on :

More in Related News