Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിലെ വൈദികനിൽ നിന്നും ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.41 കോടി തട്ടിയ കേസ്; മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ;

28 Feb 2025 21:14 IST

santhosh sharma.v

Share News :

വൈക്കം: ഓൺലൈൻ ട്രേഡിങ്

തട്ടിപ്പിലൂടെ കടുത്തുരുത്തിയിലെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടിൽ അജ്‌മൽ.കെ (25) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി എന്നപേരിൽ ആഡ്‌ബീർ കേപ്പബിൾ എന്ന ആപ്ലിക്കേഷൻ വൈദികന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു.തുടക്കത്തിൽ കുറച്ച് ലാഭവിഹിതം വൈദികന് നൽകി വൈദികനെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു. പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനിൽ നിന്നും പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385

(ഒരുകോടി നാൽപത്തി ഒന്നു ലക്ഷത്തി എൺപത്തിആറായിരത്തി മുന്നൂറ്റി എൺപത്തിയഞ്ചു) രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു.

മുടക്കിയ പണവും ലാഭവും കിട്ടാതിരുന്നതിനെ തുടർന്ന് വൈദികൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് വൈദികന്റെ നഷ്‌ടപ്പെട്ട കുറച്ചു പണം കേരളത്തിലെ എ.ടി.എം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ എസ്.എച്ച്.ഓ റെനീഷ് ടി.എസിന്റെ നേതൃത്വത്തിൽ

പിടികൂടുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്‌മൽ കൂടി ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തുകയും, ഇയാളെ പിടികൂടാൻ തിരച്ചിൽ നടത്തുന്നതിനിടെ ഇയാൾ കടുത്തുരുത്തി സ്റ്റേഷനിൽ ഹാജരാകുകയുമായിരുന്നു. ഈ തട്ടിപ്പിന്റെ പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് കണ്ടെത്തിയതോടെ ഇവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.

ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അൻസാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിയുകയും തുടർന്ന് കോട്ടയം സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. വൈദികന്റെ അക്കൗണ്ടിൽ നിന്നും അഞ്ചുലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കടുത്തുരുത്തി എസ്.എച്ച്.ഓ റെനീഷ് ടി.എസ്സിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻൻ്റ് ചെയ്‌തു.

Follow us on :

More in Related News