Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 13:08 IST
Share News :
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഈ മാസവും ഫണ്ട് ലഭിച്ചില്ലെങ്കിൽ 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം മുടങ്ങുമെന്ന് ആശങ്ക. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സംസ്ഥാന സർക്കാർ വിഹിതം കൃത്യമായി ലഭിച്ചെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ലഭിക്കാനുള്ള 15 കോടിയിലേറെ രൂപ പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ലഭിച്ചിരുന്നില്ല. നടപ്പ് സാമ്പത്തിക വർഷവും സ്ഥിതി ഇത് തന്നെ ആണ്. ഫണ്ട് അപര്യാപ്തത കാരണം കഴിഞ്ഞ മാസവും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം ലഭിക്കാൻ വൈകിയിരുന്നു. ഇതോടെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഉള്ള റഫറൻസ് കേസുകൾ എടുക്കാതെ ശമ്പളം ലഭിക്കുന്ന വരെ ജീവനക്കാർ നിസ്സഹകരണ സമരം നടത്തിയിരുന്നു.
കുടിശിക തുക ലഭിച്ചില്ല എങ്കിൽ ജൂൺ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ കമ്പനി എന്ന് ജീവനക്കാർ ആരോപിക്കുന്നു. സാമ്പത്തിക വർഷം ആരംഭിച്ച് 3 മാസം പിന്നിടുമ്പോൾ ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷന് 108 ആംബുലൻസ് നടത്തിപ്പിന് വേണ്ടിയുള്ള ഫണ്ട് ലഭിച്ചിട്ടില്ല. ഈ ഇനത്തിൽ 50 കോടിയിലേറെ രൂപയാണ് ഓരോ സാമ്പത്തിക വർഷവും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വിഹിതമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷന് നൽകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷവും സംസ്ഥാന സർകാർ വിഹിതം പൂർണമായും നൽകിയെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള ഫണ്ട് കുടിശികയായി. ഇക്കുറിയും സ്ഥിതി സമാനമാണെങ്കിൽ അത് പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.
Follow us on :
Tags:
More in Related News
Please select your location.