Tue Dec 12, 2023 10:56 PM 1ST

Location  

Sign In

" ബാല്യകാല സ്വപ്നങ്ങൾ " ചിത്ര പ്രദർശനം ആരംഭിച്ചു

17 Mar 2025 22:05 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ബാല്യം പൂക്കുന്നത് സ്വപ്നങളിലാണ്. സ്വപ്നങ്ങൾ നഷ്ടമാകുന്ന തലമുറ രാസലഹരിയിലും തന്നെ തന്നെ നിഷേധിക്കുന്നതിലും അഭിരമിക്കുമ്പോൾ നമുക്ക്ചെ യ്യാനാവുന്നത്,  അവർക്ക് അവരുടെ സ്വപ്നങ്ങൾ തിരിച്ചു നൽകുക മാത്രമാണെന്ന്. വിശ്വപ്രസിദ്ധനായ ശില്പിയും ചിത്രകാരനുമായ  വത്സൻ കൂർമ്മ കൊല്ലേരി പ്രസ്താവിച്ചു.കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ ബാലകൃഷ്ണൻ കതിരൂരിൻ്റെ 'ബാല്യകാല സ്വപ്നങ്ങൾ' എന്ന സോളോ പെയ്ൻ്റിംഗ് പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോക്കുന്നതും കാണുന്നതും കാഴ്ചയും കാഴ്ചപ്പാടുകളും കണ്ണുകളിലൂടെയാണ് സംഭവിയ്ക്കുന്നതെങ്കിലും അവ ഒന്നല്ല; വ്യത്യസ്തവും സങ്കീർണ്ണവുമായ ആശയ തലങ്ങളെയാണ് അവ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് നാം ചിത്രങ്ങൾ കാണാനായി ചിത്രങ്ങളിലേയ്ക്ക് പോകുകയല്ല, പ്രകൃതിയിൽ നിന്ന് പല വർണ്ണങ്ങളിലും രൂപങ്ങളിലും സ്വഭാവങ്ങളിലുമുള്ള ചിത്രങ്ങൾ നമ്മെ തേടി വരികയാണ് ചെയ്യുന്നത് എന്ന് പറയുന്നത്.ചിത്രകാരനെ തേടി വന്ന അദ്ദേഹത്തിൻ്റെ ബാല്യകാല ചിത്രങ്ങളെ, പ്രകൃതിയെ, ചിന്തയെ, ആശയങ്ങളെ എല്ലാം ഒരു സൂഷ്മമായ തെരഞ്ഞെടുപ്പിലൂടെ രൂപപ്പെടുത്തിയ സൃഷ്ടികളാണ് നാം ചുമരുകളിൽ കാണുന്നത്. ബാല്യത്തേയും കൗമാരത്തേയും കുറിച്ചുള്ള കേൾവികളും കാഴ്ചകളും ഭയപ്പെടുത്തുന്ന ഇക്കാലത്ത് ബാല്യത്തിൻ്റെ നിർമലതകളെ, ആനന്ദങ്ങളെ വർണ്ണ വിന്യാസങ്ങളിലൂടെ നമ്മിലേയ്ക്ക് പകരുകയാണ് ഈ ചിത്രങ്ങൾ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.


അനുവാചകരിൽ ആനന്ദവും ചിന്തയും നിറയ്ക്കുന്ന പെയിന്റിംഗുകളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുള്ളത്. പക്ഷികളോടൊപ്പം പറക്കുന്ന പെൺകുട്ടിയും ചാരത്തിനടിയിൽ കുട്ടിയായി കിളിർക്കുന്ന പച്ചപ്പും തുടങ്ങി, ഇരുപതഞ്ചോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. കൊറോസോവൻ സിനിമയായ 'ഡ്രീംസി'ലെ പ്രകൃതിയുടെ മടിത്തട്ടിൽ വിസ്മയത്തോടെ നിൽക്കുന്ന കുട്ടിയുടെ ആവിഷ്കാരം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ബാലകൃഷ്ണൻ കതിരൂർ ഇപ്പോൾ സംസ്ഥാന സർക്കാരിൻ്റെ ചിത്രകലാ റിസോഴ്സ് പേഴ്സണായും പാഠപുസ്തകങ്ങളിലെ ചിത്രരചയിതാവുമൊക്കെയായി പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയിലാകെ നിരവധി പ്രദർശനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ശ്രദ്ധ ജനറൽ സെക്രട്ടറി എൻ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ എക്സിബിഷൻ ക്യൂറേറ്റർ സായി പ്രസാദ് ചിത്രകൂടം സ്വാഗതവും , ദിനേശ് നക്ഷത്ര, റഹ്മാൻ കൊഴുക്കല്ലൂർ ശിവാസ് നടേരി, നവീൻ കുമാർ, ഡോ. ലാൽ, രാജൻ കടലുണ്ടി, സുരേഷ് ഉണ്ണി എന്നിവർസംസാരിച്ചു. എൻ.വി.മുരളി നന്ദിയും പറഞ്ഞു.  കാലത്ത് 11 മണി മുതൽ വൈകീട്ട് 7 മണി വരെയാണ്  പ്രദർശന സമയം.

Follow us on :

Tags:

More in Related News