Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2025 12:29 IST
Share News :
കോഴിക്കോട്: വടക്കൻ കേരളത്തിലെ ക്രൈസ്‌തവ സഭയ്ക്ക് അത്താണിയും പ്രകാശഗോപുരവുമായി നിലകൊള്ളുന്ന മലബാറിൻ്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ അഭിവന്ദ്യ വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും ഉയർത്തുന്ന ചടങ്ങുകൾ മേയ് 25ന് നടക്കും. വൈകിട്ട് മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ മോസ്റ്റ് റവ. ഡോ. ലിയോപോൾഡോ ജിറല്ലി സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് പിതാവ് വചന പ്രഘോഷണം നടത്തും.
സിബിസിഐ പ്രസിഡൻ്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ തോമസ് ജെ.നെറ്റോ, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി എ മുഹമ്മദ് റിയാസ്, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, , മുൻമന്ത്രി എം കെ കെ മുനീർ, കോളക്കോട്രൻ കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവർ ആശംസകൾ നേരും.
സ്ഥാപിതമായിട്ട് 102 വർഷം പൂർത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്നത്. ഏപ്രിൽ 12 ശനിയാഴ്‌ച വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്സ് ഹൗസിൽവച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും അഭിവന്ദ്യ വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് ഇടവകാംഗമാണ് വർഗീസ് ചക്കാലക്കൽ പിതാവ്.
മലബാറിൻ്റെ മണ്ണിൽ കോഴിക്കോട് രൂപതയുടെ ചരിത്ര പ്രാധാന്യവും വിശ്വാസ പാരമ്പര്യവും അജപാലന ശുശ്രൂഷകളും വിലയിരുത്തി മെത്രാൻമാരുടെയും സഭാ വിദഗ്‌ധരുടെയും പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തിയത്. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തിൽ ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവിൽ വന്നത്.
വികാരി ജനറൽ ജൻസൺ പുത്തൻവീട്ടിൽ, ഫാദർ സൈമൺ പീറ്റർ, ബിനു എഡ്വേർഡ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.