Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 22:51 IST
Share News :
പുളിക്കൽ : വഖ്‌ഫ് വിഷയത്തിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ ആവശ്യപ്പെട്ടു. ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹത്തിനിടയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സമ്പ്രദായമാണ് വഖ്‌ഫ്. അത് ആരുടെയെങ്കിലും അവകാശങ്ങൾ കവർന്നെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തുകൊണ്ട് നടത്തുന്നതല്ല. ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് മതപരമായ ആവശ്യങ്ങൾ നിർവഹിക്കാൻ വിശ്വാസികൾ അവരുടെ സമ്പത്ത് സമർപ്പിക്കുകയാണ് വഖ്‌ഫിലൂടെ ചെയ്യുന്നത്. ഈ മഹത്തായ സംരംഭത്തെ കലാപത്തിന്റെയും സംഘർഷത്തിന്റെയും കാരണമായി വിലയിരുത്തുന്നത് അജ്ഞതയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ മനസ്സിലാക്കണം.
മുനമ്പം പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുന്നതിന് പകരം വിവാദ പ്രസ്താവനകൾ നടത്തി പ്രകോപനമുണ്ടാക്കുന്നത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കും. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മതമേലധ്യക്ഷന്മാർ അടക്കമുള്ളവർ മാറി നിൽക്കണം. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. വർഗ്ഗീയ ശക്തികൾ ഇത്തരം സന്ദർഭങ്ങൾ മുതലെടുക്കാതിരിക്കാനുള്ള ജാഗ്രത ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവണം.
പ്രവാചക ചര്യയെ നിഷേധിക്കാനും ദുർവ്യാഖ്യാനിക്കാനും നടക്കുന്ന ശ്രമങ്ങൾക്കെതിരെ മുസ്‌ലിം സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് കെ ജെ യു ഹദീസ് സമ്മേളനം ആവശ്യപ്പെട്ടു. ഖുർആനിസ്റ്റുകൾ എന്ന പേരിൽ രംഗത്ത് വരുന്നവർ ഹദീസിനെ മാത്രമല്ല ഖുർആനിനെ കൂടിയാണ് നിഷേധിക്കുന്നത്. ഖുർആൻ അംഗീകരിക്കുന്ന വിശ്വാസികൾക്ക് സ്വഹീഹായ ഹദീസുകൾ നിഷേധിക്കാനാവില്ല.
കേരള ജംഇയ്യത്തുൽ ഉലമ ഹദീസ് സമ്മേളനം കെ ജെ യു സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പി മുഹ്‌യിദ്ദീൻ മദനി, ഈസ മദനി, പി പി മുഹമ്മദ് മദനി, ഡോ മുഹമ്മദലി അൻസാരി പ്രസംഗിച്ചു. വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് നസീറുദ്ദീൻ റഹ്‌മാനി, എം ടി അബ്ദുസ്സമദ് സുല്ലമി, ഹദ് യത്തുല്ല സലഫി, കെ എം ഫൈസി തരിയോട്, പ്രൊഫ എൻ വി സകരിയ്യ, അഹ്‌മദ് അനസ് മൗലവി, ഡോ മുനീർ മദനി പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ടി പി അബ്ദുറസാഖ് ബാഖവി, എം എം നദ്‌വി, സ്വലാഹുദ്ദീൻ മദനി, പ്രൊഫ. മായിൻ കുട്ടി സുല്ലമി സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.