Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

10 May 2026 13:07 IST

Jithu Vijay

Share News :

ചെന്നെ : തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ടിവികെ നേതാക്കളായ ആദവ് അർജുന, എൻ ആനന്ദ്, ശിവകാശിയിൽ നിന്ന് വിജയിച്ച മുപ്പതുകാരി എസ് കീർത്തന എന്നീ ഒമ്പത് പേരും വിജയ്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ, രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും , തൃഷ അടക്കമുള്ള സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.


ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ ഓരോ വാക്കും സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം നിറയെ കയ്യടികളോടെ ഏറ്റെടുത്തു.

അധികാരമേറ്റതിന് പിന്നാലെ ടിവികെ സർക്കാരിന്റെ നയം വ്യക്തമാക്കി ജോസഫ് വിജയ് ചന്ദ്രശേഖർ. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


"നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം, ഞാൻ കാര്യങ്ങൾ മറച്ചുവെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യില്ല. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, 8 കോടി ആളുകളും എന്റെ ജനങ്ങളാണ്. കർഷകർ, മത്സ്യത്തൊഴിലാളി സമൂഹം, എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ ടിവികെ സർക്കാർ പരിപാലിക്കും. - വിജയ് പറഞ്ഞു.


ഞാൻ തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ല. ഞാൻ നിങ്ങളെ പോലെ സാധാരണക്കാരനാണ്. സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ അന്തിമ അധികാരം തനിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണത്തിൽ സുതാര്യത ഉറപ്പുനൽകുന്നതിനോടൊപ്പം, മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാനുള്ള ഉത്തരവിൽ ഒപ്പിടുകയും ചെയ്തു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Follow us on :

More in Related News