Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ തിരഞ്ഞെടുപ്പ് പരാജയം; തലയോലപ്പറമ്പിലും സി.പി.ഐയിൽ പൊട്ടിത്തെറി.

22 May 2026 22:22 IST

santhosh sharma.v

Share News :

വൈക്കം: നിയമസഭാ തിരഞ്ഞടുപ്പിൽ വൈക്കത്ത് ഉണ്ടായ പരാജയത്തെ തുടർന്ന് തലയോലപ്പറമ്പ് സി പി ഐ മണ്ഡലം കമ്മറ്റിയിലും പൊട്ടിത്തെറി. റിപ്പോർട്ടിൻമേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം, ലോക്കൽ ഭാരവാഹികളടക്കം 7 ഓളം പേർ കത്ത് നൽകി. സംഘടനയിലെ വിഭാഗീയതയെയും തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളെയും തുടർന്നാണ് ഇതെന്ന് വിവരം. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.എം അനി ചെള്ളാങ്കൽ, തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി വി.എൻ. രമേശൻ അടക്കമുള്ളവരാണ് കത്ത് നൽകിയത്. സി.പി.ഐ ജില്ലാ എക്സി.അംഗം കൂടിയായ എൽ.ഡി.എഫ് സ്ഥാനാർഥി പി. പ്രദീപ് തോറ്റതിനെ തുടർന്ന് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയിലെ ഒരു വിഭാഗത്തിന് നേരേ നേതൃത്വത്തിന്റെ രൂക്ഷമായ വിമർശനം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. 

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച കെ. ബിനിമോന് നിയോജക മണ്ഡലത്തിൽ തലയോലപ്പറമ്പിലായിരുന്നു ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത്. ചില പ്രാദേശിക വിഷയങ്ങളിലെ മണ്ഡലം കമ്മറ്റിയിലെയും ലോക്കൽ കമ്മറ്റിയിലെയും ചിലരുടെ നിലപാട് വോട്ട് ചോർച്ച ഉണ്ടാക്കിയെന്നായിരുന്നു നേതൃത്വത്തിൻ്റെ വിമർശനം. അതെ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പിലും 500ഓളം വോട്ടുകൾ യു ഡി എഫിന് മണ്ഡലത്തിൽ കുറയ്ക്കാൻ കഴിഞ്ഞെന്നാണ് മറുവിഭാഗം പറയുന്നത്.

തലയാഴം പഞ്ചായത്തിലും വൈക്കം നഗരസഭയിലും സി പി ഐ യിൽ അടിയുറച്ച് നിന്ന 100 കണക്കിന് കുടുംബങ്ങൾ അടുത്ത കാലത്ത് പാർട്ടി വിട്ട് പോയിട്ടും വൈക്കത്തെ സംസ്ഥാന, ജില്ല നേതാക്കൾ ഇത് ഗൗരവകരമായി കാണാതിരുന്നതും ജില്ലയിൽ സി പി ഐ ക്കുള്ള ഏക സീറ്റായ വൈക്കത്ത് സംസ്ഥാന സെക്രട്ടറി അടക്കം ക്യാമ്പ് ചെയ്ത് പ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമിക്കാത്തതും തിരിച്ചടിയായി എന്നാണ് ഒരു വിഭാഗം പറയുന്നത്. അതെ സമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടിൻമേൽ ചിലതിൽ വിശദമായ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയാണ് ഉണ്ടായതെന്നും അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മണ്ഡലം സെക്രട്ടറി സാബു. പി. മണലോടി പറഞ്ഞു. ചില പ്രശ്ന‌ങ്ങൾ ഉണ്ടെന്നും അത് സംഘടനാ പ്രശ്‌നം അല്ലെന്നുമാണ് മണ്ഡലം നേതൃത്വം ഇത് സംബന്ധിച്ച് വിശദീകരിക്കുന്നത്. എന്നാൽ മണ്ഡലം കമ്മറ്റിയിൽ ഏറെ നാളായി വിഭാഗീയത നിലനിന്നിരുന്നുവെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Follow us on :

More in Related News