Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 17:29 IST
Share News :
കൊണ്ടോട്ടി: മണ്ഡലത്തിൽ വിവിധ പ്രവൃത്തികളുടെ പൂർത്തികരണത്തിൻ്റെ വർഷമാണ് 2025 എന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ പറഞ്ഞു.
മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകനത്തിനായി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകൾ പലതും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാൻ അർഹതയുള്ള ഗണത്തിൽ പെടുന്നതാണ്. എന്നാൽ 2013 ന് ശേഷം ഗ്രാമീണ റോഡുകൾ ഒന്നും തന്നെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് തന്നെ ഗ്രാമീണ റോഡുകൾക്ക് ഫണ്ട് ലഭ്യമാകുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത് .ഇത് പരിഹരിക്കാനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും സംസ്ഥാന ബജറ്റിൽ നിന്നും എംഎൽഎക്ക് അനുവദിച്ചു കിട്ടുന്ന പണം മുഴുവനും പ്രധാന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് നീക്കി വെച്ചിട്ടുള്ളത് എന്നും എംഎൽഎ അറിയിച്ചു.
മേലങ്ങാടി - എയർപോർട്ട് റോഡ്,കാരാട് -മൂളപ്പുറം ചണ്ണയിൽ പള്ളിയാളി , വാവൂർ - ചെറിയാപറമ്പ് , ചുങ്കം - മാങ്കടവ് , പുളിക്കൽ- ചേവായൂർ, പെരിയമ്പലം - പള്ളിക്കൽ ബസാർ , മുസ്ലിയാരങ്ങാടി- ഒഴുകൂർ എന്നിവ ഇതിലെ പ്രധാന ഗ്രാമീണ റോഡുകളാണ്. എം.എൽ.എ ആസ്തിവികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി വിവിധ ഗ്രാമീണ റോഡുകൾ നവീകരിക്കാനും, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഇതിനു പുറമേ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കാൻ 40 പ്രൊപ്പോസൽ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അവയും അനുവദിക്കപ്പെടുന്നതോടെ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥക്ക് ഒരു പരിധിവരെ പരിഹാരമാകും.
പ്രധാന കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 2025ൽ തന്നെ അവ പൂർത്തീകരിക്കുകയും ചെയ്യും. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ 34 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിലേക്ക് വരുന്ന റോഡിൻ്റെ വീതി കൂട്ടുന്നതിന് ഭൂ ഉടമകൾ സ്ഥലം സൗജന്യമായി വിട്ട് നൽകിയിട്ടുണ്ട്. ഒളവട്ടൂർ തടത്തിൽ പറമ്പ്, ചുള്ളിക്കോട്, മേലങ്ങാടി എന്നീ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായി. ഓമാനൂർ ഹയർ സെക്കണ്ടറി, ചിറയിൽ യു.പി.സ്കൂൾ, ആക്കോട്, വാവൂർ എന്നീ എൽ.പി.സ്കൂളുകൾ എന്നിവയുടെ കെട്ടിടങ്ങളുടെ പ്രവൃത്തി ആരംഭിച്ചു. കൊണ്ടോട്ടി ഗവ. കോളേജിന് പുതിയ ബ്ലോക്കിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിലും ഹോസ്റ്റൽ കെട്ടിടത്തിന് അഞ്ച്കോടി അനുവദിച്ചത് ഇൻവെസ്റ്റിഗേഷൻ ഘട്ടത്തിലുമാണ്. ചീക്കോട് വില്ലേജ് ഓഫിസ് കെട്ടിടം പണിപൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായതായും പുളിക്കൽ ആയുർവേദ ആശുപത്രി, കൊണ്ടോട്ടി ജി.എം യു.പി. സ്കൂൾ , സി.എച്ച്.സി. ഓമാനൂർ എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചതായും യോഗത്തിൽ എം എൽ എ അറിയിച്ചു.
കൊണ്ടോട്ടി വിദ്യാഭ്യാസ ക്കോംപ്ലക്സിൻ്റെ പ്രവൃത്തി ആരംഭിച്ചുവെങ്കിലും പാറ പൊട്ടിക്കേണ്ടതിന് പണം വകയിരുത്തേണ്ടി വരുമെന്നതിനാൽ അതിൻ്റെ എസ്റ്റിമേറ്റ് പുന:പരിശോധിക്കേണ്ടതുണ്ട്. അതിന് അനുമതി നൽകിയിട്ടുണ്ട്. വാഴക്കാട് ഐ.ടി.ഐ യിൽ കെട്ടിടം പണിയുന്നതിന് 6.20 കോടി രൂപയുടെ ടെണ്ടർ നടപടി പൂർത്തീകരിച്ച് കരാറുകാരന് കൈമാറി.
പി.എം.ജി എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി കക്കോവ് - അരൂർ - വാഴയൂർ റോഡ്, പുതുക്കോട് - ദാന ഗ്രാം - വൈദ്യരങ്ങാടി റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു. ബജറ്റിൽ ഉൾപ്പെടുത്തി പണം അനുവദിച്ച പൊതുമരാമത്ത് റോഡുകളായ വാലില്ലാപുഴ - എളമരം - ഇരട്ടമുഴി റോഡിൻ്റെയും , മുണ്ടക്കുളം -വടക്കേ പറമ്പ് - പോത്തട്ടിപ്പാറ റോഡിൻ്റെയും പ്രവൃത്തി ആരംഭിച്ചു. ചീക്കോട് പഞ്ചായത്തിൽ കന്ന് കടവ് പാലം പണി പൂർത്തീകരിച്ചു.
മണ്ഡത്തിലെ കുടിവെള്ള പദ്ധതി പ്രവൃത്തികൾ മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കും. ദേശീയ പാത അതോറിറ്റിയുടെ അനുമതിയാണ് പല പദ്ധതികളും പൂർത്തീകരിക്കുന്നതിന് തടസ്സം. നാഷണൽ ഹൈവേക്ക് ആവശ്യമായ ബാങ്ക് ഗ്യാരണ്ടി തുക മുനിസിപ്പാലിറ്റി അടച്ച് കഴിഞ്ഞു. പൊതുമരാമത്ത് റോഡുകളിൽ പൈപ്പിടുന്നതിന് വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി അനുമതി നൽകും. പൈപ്പിട്ടതിന് ശേഷം സമയബന്ധിതമായി റോഡ് നന്നാക്കുന്നതിനും തീരുമാനിച്ചു. കുടിവെള്ള പദ്ധതിക്ക് മാത്രമായി പ്രത്യേക ലൈൻ വലിക്കുന്നതിന് കെ.എസ്.ഇ.ബി.ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. ഇതിന് വേണ്ടി മാത്രം വാട്ടർ അതോറിറ്റി 2.06 കോടി രൂപ കെ.എസ്.ഇ.ബി.ക്ക് നൽകി.
അവലോകന യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ ഗോകുൽ ദാസ്, അബ്ദുൽ ഗഫൂർ, സന്തോഷ് കുമാർ ഇ.എസ്, സാബിക് നസീം, നന്ദകുമാർ, അസി. എക്സികൂട്ടിവ് എഞ്ചിനീയർമാരായ ജോബി ജോസഫ്, ജോംസൺ ജെ.,ബഷീർ അഹമ്മദ്, മുഹമ്മദലി പി. കെ , ഇ .ഇ.മാരായ ബിന്ദു .പി, സമീർ കല്ലൻ, അരുൺ പി. , വിപിൻ ബേബി, നാജില പി.കെ., അഫ്സൽ ഒ.പി.കെ, മുഹമ്മദ് ഹിഷാം,
മുനീർ റഹ്മാൻ, വിവിധ വകുപ്പിലെ ഓവർസിയർമാർ, പദ്ധതികളിലെ കരാർ ഏറ്റെടുത്തവർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.