Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്, ഇടുക്കി കരിണ്ണൂരില്‍ ഭരണമാറ്റത്തിന് സാധ്യത

11 Dec 2024 22:20 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: ഇടുക്കി ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം.കരിണ്ണൂരില്‍ ഭരണമാറ്റത്തിന് സാധ്യത.

 ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി ഡിവിഷന്‍, കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യു.ഡി.എഫ് സീറ്റ് തിരികെ പിടിച്ചെടുത്തു.



ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുമാരി സാന്ദ്രാമോള്‍ ജിന്നിക്ക് മിന്നുന്ന വിജയമാണ് നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്‍സി ജോബിയെക്കാള്‍ 753 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാന്ദ്രാമോള്‍ ജിന്നി വിജയിച്ചത്. യു.ഡി.എഫില്‍ നിന്ന് മല്‍സരിച്ച് വിജയിച്ച ശേഷം കൂറുമാറിയ മുന്‍ അംഗം രാജി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 2146 വോട്ടുകളും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സിന്‍സി ജോബിക്ക് 1393 വോട്ടുകളും, ബി.ജെ.പി സ്ഥാനാര്‍ത്ഥി സിന്ധു സുനിലിന് 426 വോട്ടുകളും ലഭിച്ചു.


കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ എ.എന്‍ ദിലീപ്കുമാര്‍ 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 971 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 735 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ ദിലീപ്കുമാറിന് 410 വോട്ടും എല്‍.ഡി.എഫിലെ ജയിന്‍ അഗസ്റ്റിന് 233 വോട്ടും, ബി.ജെ.പിയിലെ അനില്‍ ചന്ദ്രന് 92 വോട്ടും ലഭിച്ചു. ഇതോടെ എല്‍.ഡി.എഫ് ഭരിക്കുന്ന കരിമണ്ണൂര്‍ പഞ്ചായത്തില്‍ ഭരണ മാറ്റം ഉണ്ടാകാനുള്ള സാധ്യതയേറി. 14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യു.ഡി.എഫ് പക്ഷത്ത് എട്ട് അംഗങ്ങളും എല്‍.ഡി.എഫിന് ആറ് അംഗങ്ങളുമായി.

കോണ്‍ഗ്രസ് അംഗമായിരുന്ന ഡി. ദേവസ്യ മുന്‍ ഭരണ സമിതിയുടെ കാലത്ത് എല്‍.ഡി.എഫിലേക്ക് കൂറു മാറി പ്രസിഡന്റായിരുന്നു. പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി ദേവസ്യ പന്നൂര്‍ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ചു. ദേവസ്യക്കെതിരെ യു.ഡി.എഫ് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നല്‍കിയ തിരഞ്ഞെടുപ്പ് കേസില്‍ മൂന്ന് മാസം മുന്‍പാണ് അയോഗ്യത കല്‍പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് എട്ട് അംഗങ്ങളും യു.ഡി.എഫിന് ആറ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡി. ദേവസ്യയെ അയോഗ്യനാക്കിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചു. അംഗമായി പഞ്ചായത്ത് കമ്മിറ്റിയില്‍ വോട്ട് ചെയ്യാനും ആനുകൂല്യം കൈപ്പറ്റാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ എല്‍.ഡി.എഫ് പക്ഷത്ത് ഒരാളുടെ പിന്തുണ കുറഞ്ഞു. ഇതിനിടെ കഴിഞ്ഞ വര്‍ഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അംഗമായിരുന്ന ലിയോ കുന്നപ്പിള്ളി യു.ഡി.എഫിന് ഒപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്റായി. ഇതോടെ യു.ഡി.എഫ് പക്ഷത്ത് ഏഴ് അംഗങ്ങളും എല്‍.ഡി.എഫിന് ആറ് പേരുമായി മാറി. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ നിസാമോള്‍ ഷാജിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നു. എന്നാല്‍ ആകെ അംഗങ്ങളുടെ പകുതിയില്‍ കൂടുതല്‍ (8 പേര്‍) മെംബര്‍മാര്‍ പ്രമേയത്തെ അനുകൂലിക്കാന്‍ ഇല്ലാത്തതിനാല്‍ പ്രമേയം തള്ളുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡി. ദേവസ്യക്കെതിരെ പന്നൂര്‍ വാര്‍ഡില്‍ മത്സരിച്ച എ.എന്‍ ദിലിപ്കുമാര്‍ 52 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു.

Follow us on :

More in Related News