Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 06:55 IST
Share News :
കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനകാലം അടുത്തിരിക്കെ ജനറൽ ആശുപത്രിയിലെ രണ്ട് കാർഡിയോളജിസ്റ്റുകൾക്കും സ്ഥലംമാറ്റം. ഇതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഹൃദ്രോഗചികിത്സയും കാത്ലാബിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. കാർഡിയോളജിസ്റ്റ് തസ്തികയില്ലാത്ത ഇവിടെ എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജുമോൻ വർക്കിങ് അറേഞ്ച്മെന്റിലും കാർഡിയോളജി ജൂനിയർ കൺസൽട്ടന്റായിരുന്ന ഡോ. പ്രസാദ് കെ. മാണി ഫിസിഷ്യന്റെ തസ്തികയിലുമാണ് സേവനമനുഷ്ഠിച്ചിരുന്നത്.
ഡോ. ബിജുമോൻ തിരുവനന്തപുരത്തേക്കും ഡോ. പ്രസാദ് സീനിയർ കൺസൾട്ടന്റായി എറണാകുളത്തേക്കുമാണ് സ്ഥലംമാറിപോയത്. ഇരുവർക്കും കഴിഞ്ഞ ആഴ്ചയാണ് സ്ഥാനക്കയറ്റം ലഭിച്ചതും സ്ഥലംമാറ്റം ഉണ്ടായതും. ശനിയാഴ്ച വരെ ഇരുവരും ഇവിടെ ജോലിചെയ്തു. പകരം ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ഞായറാഴ്ച മുതൽ ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയും കാത്ലാബിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. കാർഡിയോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം മുടങ്ങി. അടിയന്തരചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ പോലും ഞായറാഴ്ച മുതൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർപോലും വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
2022 ജനുവരി 10നാണ് ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങിയത്. ഓരോവർഷവും 500ലധികം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയും 600ലധികം ആൻജിയോഗ്രാം പരിശോധനയും ഉൾപ്പെടെയുള്ള ഹൃദയചികിത്സകളാണ് ഇവിടെ നടന്നുവന്നത്. മണ്ഡലകാലത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. കിഴക്കൻ മലയോരമേഖലയിലെ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്നത്. ഇതിൽ 80 ശതമാനം ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് കാർഡ് പ്രകാരം ശസ്ത്രക്രിയ ഉൾപ്പെടെ സൗജന്യനിരക്കിലുള്ള ചികിത്സയാണ് ലഭിക്കുന്നത്. അതിനാൽ ജനറൽ ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി.
Follow us on :
More in Related News
Please select your location.