Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി സബ് ആര്‍.ടി. ഓഫീസിലെ പണപ്പിരിവ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

12 Jul 2024 22:48 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സബ് ആര്‍.ടി. ഓഫീസില്‍ പണപ്പിരിവിന് പ്രത്യേക സംഘമെന്ന് പോലീസ്. ആര്‍.ടി.ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരുടെയടക്കം സഹായം ലഭിച്ചാണ് വ്യാജ നിര്‍മ്മാണങ്ങള്‍ നടന്നതെന്നും പോലീസ് കണ്ടെത്തി.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് വ്യാജ രേഖ കേസില്‍ പിടിയിലായ നിസാര്‍ ഉള്ളണത്തില്‍ നിന്നും പോലീസിന്

ലഭിച്ചത്.


അനധികൃതമായി നേടുന്ന ഓരോ കാര്യത്തിലും പ്രത്യേകം തുക നിശ്ചയിച്ചാണ്

ആര്‍.ടി.ഓഫീസില്‍ കാര്യങ്ങള്‍ നടത്തി കൊടുക്കുന്നത്. ഇത്തരത്തിലുള്ള ഏജന്റുമാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരിട്ട് പണം വാങ്ങുന്നതിന് പകരം ഈ ഉപചാപക വൃന്ദങ്ങളാണ് പണം സ്വീകരിക്കുക. ഓരോ ജീവനക്കാര്‍ക്കും അവര്‍ നിര്‍ദ്ധേശിക്കുന്ന ആള്‍ക്കാണ് പണം നല്‍കേണ്ടത്. 

ജീവനക്കാര്‍ക്ക്, ആര്‍.ടി.ഒ ഓഫീസര്‍ക്ക് എന്നിങ്ങനെ പ്രത്യേകം പ്രത്യേകം തുക നല്‍കണമെത്രേ. വിജിലന്‍സില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി തുക

പിരിച്ചെടുത്ത് ആഴ്ച്ചയില്‍ ഇവരുടെ വീടുകളിലെത്തിക്കുകയായിരുന്നു.


വ്യാജ ആര്‍.സി നിര്‍മ്മിക്കുന്നതിന് ക്ലര്‍ക്കിന് 1000 രൂപയും ഓഫീസര്‍ക്ക് 2000 രൂപയുമാണ് നല്‍കുന്നതെന്ന് നിസാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. 

ഫൈനാന്‍സ് കമ്പനി പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലത്തിലൂടെയും മറ്റും ചെറിയ തുകക്ക് നേടിടെയുത്ത വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി നിര്‍മ്മിച്ച് അത് ഔദ്യോഗിക സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനും മറ്റുമാണ് ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിച്ചത്. 

രേഖകളില്ലാത്ത വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റില്‍ മരണ ഓപ്ഷന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് മരണ സര്‍ട്ടിഫിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും നല്‍കാതെയാണ് വ്യാജ ആര്‍.സി നിര്‍മ്മിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും പരിശോധിക്കാതിരിക്കാനാണ്

ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നത്.


ഏഴ് വ്യാജ ആര്‍.സികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടൊള്ളുവെങ്കിലും നൂറ് കണക്കിന് വാഹനങ്ങളുടെ ആര്‍.സികള്‍ ഇങ്ങനെ മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നിസാറില്‍ നിന്നും ഒരുപാട് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 

ഓഫീസില്‍ ഏജന്റുമാര്‍ നല്‍കുന്ന ഓരോ അപേക്ഷക്ക് മുകളിലും പ്രത്യേകം നമ്പര്‍ പെന്‍സില്‍ കൊണ്ട് രേഖപ്പെടുത്തും. ഓരോ ഏജന്റിനും ആര്‍.ടി.ഓഫീസില്‍ നിന്നും ലഭിച്ച രഹസ്യ കോഡാണിത്. ഈ കോഡ് കാണുന്ന ഓഫീസിലെ ഉദ്യോഗസ്ഥന്‍ക്ക് അത് ആര് മുഖേന വന്ന ഫയലാണെന്ന് വേഗത്തില്‍ തിരിച്ചറിയാനാകും. ഇത്തരത്തില്‍ വേഗത്തില്‍ തീര്‍ക്കേണ്ട ഫയലുകള്‍ പരിശോധന പോലുമില്ലാതെ പാസ്സാക്കി നല്‍കും. എന്നാല്‍ ഒരു നമ്പറും രേഖപ്പെടുത്തി വരാത്ത സാധാരണക്കാരന്റെയും നേരിട്ടെത്തിച്ചവരുടെയും ഫയലുകള്‍ ഓഫീസുകൾ കയറി ഇറക്കി ഏജന്റുമാരില്‍ എത്തുന്നത് വരെ വട്ടംകറക്കലും ഇവിടെ പതിവാണ്. 


ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും ഫിറ്റ്‌നസ് പരിശോധന സ്ഥലത്തും പണം പിരിക്കുന്നതിനും പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുദിവസം വിവിധ വിഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെ രൂപ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പിരിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ തിരൂരങ്ങാടി ആര്‍.ടി.ഓഫീസില്‍ ഒരു രൂപ പോലും കൈക്കൂലിയായി വാങ്ങാത്ത ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നുണ്ട്.


താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസൻ, എസ്.ഐമാരായ സാം ജോർജ്ജ്, വിനോദ്, പി രഞ്ജിത്ത്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ ഷൈജു, ജിഷോർ, സൈബർ സെൽ വിദഗ്ദൻ വൈശാഖ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.



Follow us on :

More in Related News