Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറിലുണ്ടായിരുന്നത് 11 പേർ; അപകടം സിനിമ കാണാൻ പോകുമ്പോൾ

03 Dec 2024 09:29 IST

Shafeek cn

Share News :

അഞ്ച് വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടമായ അപകടത്തിന്റെ നടുക്കത്തിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചത്. ആറു പേര്‍ക്കു പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണിവര്‍.


കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.


 ഇന്‍ക്വസ്റ്റ് നടപടികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

 

തിങ്കളാഴ്ച രാത്രി ഒന്‍പതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം. വണ്ടാനം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ഇവര്‍ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാന്‍ സിനിമാസില്‍ രാത്രി ഒന്‍പതരയ്ക്കും ഒന്‍പതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു.


ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നെന്നാണ് സമീപവാസികള്‍ സംശയിക്കുന്നത്. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് രണ്ടുപേര്‍ മരിച്ചത്. ബസ്സിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കു പരിക്കേറ്റിട്ടുണ്ട്.


എതിര്‍ദിശയിലെത്തിയ കാര്‍ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്നെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. അമിതവേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി ബസിനുനേരേ വന്നു. ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചുകയറുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.


പരിക്കേറ്റവര്‍: പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീ ശങ്കറിന്റെ നില ഗുരുതരമാണ്.


Follow us on :

More in Related News