Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 21:01 IST
Share News :
തിരൂരങ്ങാടി : മമ്പുറം തങ്ങളുടെ ലോകം ചരിത്ര സെമിനാറിലെ വിശിഷ്ടാതിഥിയായി വെളുത്തേടത്തുപറമ്പിൽ തെയ്യൻ ആശാരി സംബന്ധിക്കും. ജാതി-മത-വർണ ഭേദമന്യെ മലബാറുകാരുടെ സാമൂഹ്യ നായകത്വം വഹിച്ചിരുന്ന മമ്പുറം തങ്ങളുടെ ജ്വലിക്കുന്ന ഓർമകൾ തലമുറകളായി കൈമാറ്റം ചെയ്യുന്ന തിരൂർ പൊന്മുണ്ടത്തെ പാരമ്പര്യമുള്ള ആശാരി കുടുംബത്തിലെ അംഗമാണ് തെയ്യൻ. വെളുത്തേടത്ത് കുടുംബത്തിന്റെ ഔന്നത്യങ്ങൾക്ക് പിന്നിൽ മമ്പുറം തങ്ങളുടെ കരസ്പർശം ഉള്ളതായി തെയ്യൻ സാക്ഷ്യപ്പെടുത്തുന്നു.
മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ നിർമിക്കാനായി മമ്പുറം തങ്ങൾ യാത്ര ചെയ്തിരുന്ന കാലം. പൊന്മുണ്ടത്തെത്തിയ അദ്ദേഹം പള്ളിക്കു കുറ്റിയടിക്കുന്നതിന് മുന്നോടിയായി പരിസര ദേശങ്ങളിലെ ഹിന്ദു ആശാരിമാരെയെല്ലാം വിളിച്ചു കൂട്ടി. ഓരോരുത്തരോടും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടു. എല്ലാവരും ഒരു സ്ഥലം കണ്ടെത്തി. ഒരാൾ മാത്രം തങ്ങളുടെ അടുത്തേക്ക് മടങ്ങി വന്നു. 'തമ്പ്രാൻ ഇരിക്കുന്ന ഈ സ്ഥലം തന്നെയാണ് ഇവിടെ പള്ളി ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ ഇടം'- അദ്ദേഹം പറഞ്ഞു. ഇത് മമ്പുറം തങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ആ ഭൂമിയിൽ പള്ളി ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം അതുതന്നെയായിരുന്നു. '' നീയാണ് യഥാർത്ഥ ആശാരി'' മമ്പുറം തങ്ങൾ അദ്ദേഹത്തെ പ്രത്യേകം പ്രശംസിച്ചു. മമ്പുറം തങ്ങൾ നൽകിയ ഈ വരം ആ കുടുംബത്തിലെ തലമുറകൾക്കു തന്നെ വലിയ അനുഗ്രഹമായി. കഴിവും നൈപുണ്യവും ഉള്ള ആശാരിമാർ ആ കുടുംബത്തിൽ ജനിച്ചു.
മലബാറിലെ പല പ്രധാന പള്ളികളും അവയിലെ മിമ്പറുകളും ഈ ഹൈന്ദവ കുടുംബത്തിലെ അംഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വദേശമായ പൊന്മുണ്ടത്ത് പള്ളി പുതുക്കി പണിതപ്പോഴും ഇതേ കുടുംബത്തിലെ ഇപ്പോഴത്തെ അംഗമായ ആശാരി തെയ്യനെയാണ് പള്ളി ഭാരവാഹികൾ ചുമതലപ്പെടുത്തിയിരുന്നത്. മമ്പുറത്ത് പോയി സമ്മതം വാങ്ങിയതിനു ശേഷം പണി ഏറ്റെടുക്കാം എന്നായിരുന്നു തെയ്യന്റെ മറുപടി. വർഷത്തിൽ ഒന്നിലധികം തവണ മമ്പുറത്ത് പോകുന്ന തെയ്യൻ അവിടെ നിന്നും സമ്മതം വാങ്ങിയശേഷം പൊന്മുണ്ടം പള്ളിയുടെ പണി മനോഹരമായി പൂർത്തീകരിച്ചു.
അച്ഛൻ നൊട്ടനോടൊപ്പം മമ്പുറത്ത് പോയത് തെയ്യൻ ഇപ്പോഴും ഓർക്കുന്നു. പാലമില്ലാത്തതിനാൽ അന്ന് തോണി കടന്നാണ് മമ്പുറത്ത് പോയിരുന്നത്. രണ്ടുമൂന്നു മാസത്തിലൊരിക്കലെങ്കിലും മമ്പുറത്ത് പോകാറുണ്ടായിരുന്നു നൊട്ടൻ.
''ഞങ്ങൾ വീട്ടിൽ ഒരു അമ്പലം തുടങ്ങിയിട്ടുണ്ട്. അതിലെ പ്രധാന ചടങ്ങുകൾക്ക് മുമ്പായി മമ്പുറത്ത് പോയി ജാറം മൂടുന്നു. തങ്ങൾ തമ്പ്രാൻ വരം തന്ന ഒരു പാർട്ടി ആണല്ലോ ഞങ്ങൾ. ആ ബന്ധമാണ് ഞങ്ങൾക്ക് ഐശ്വര്യം നൽകുന്നത് എന്നാണ് അനുഭവത്തിലൂടെ ഞങ്ങൾ വിശ്വസിക്കുന്നതെന്ന് തെയ്യൻ സാക്ഷ്യപ്പെടുത്തുന്നു.
Follow us on :
Tags:
More in Related News
Please select your location.