Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം വീടുപണി നടത്താനാവാതെ ദുരിതത്തിലായി ചാവക്കാട് നഗരസഭ കൗണ്‍സിലറുടെ കുടുംബം

20 Jul 2024 21:48 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം വീടുപണി നടത്താനാവാതെ ദുരിതത്തിലായി നഗരസഭ കൗണ്‍സിലറുടെ കുടുംബം.ചാവക്കാട് നഗരസഭ 32-ാം വാര്‍ഡ് കൗണ്‍സിലറായ പേള ഷാഹിദയും,കുടുംബവുമാണ് മാസ്റ്റര്‍ പ്ലാനിലെ അപാകതമൂലം വീടുവക്കാനാവാതെ പ്രതിസന്ധിയിലായത്.വര്‍ഷങ്ങളായി ഷാഹിദയും കുടുംബവും താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്ന സ്ഥലം 2022-ല്‍ പ്രസിദ്ധീകരിച്ച നഗസഭ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഫ്‌ളോറി കള്‍ച്ചര്‍ ആന്‍ഡ് അക്വാ കള്‍ച്ചറില്‍ ഉള്‍പ്പെട്ടതാണ് വിനയായത്.ഷാഹിദയുടെ ഭര്‍ത്താവും,മത്സ്യത്തൊഴിലാളിയുമായ പേള ഷാഹു പി.എം.എ.വൈ. പദ്ധതി പ്രകാരം വീടുപണിയാനുള്ള അനുമതിക്കായി നഗരസഭയെ സമീപിച്ചപ്പോഴാണ് ഇവര്‍ താമസിക്കുന്ന ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നറിയുന്നത്.മണത്തല വില്ലേജില്‍ 59/3.5 എന്ന സര്‍വ്വേ നമ്പറില്‍ മൂന്ന് സെന്റ് ഭൂമിയാണ് ഷാഹുവിന്റെ പേരിലുള്ളത്.ഈ സ്ഥലത്ത് ഓലപ്പുര കെട്ടി താമസിക്കുന്ന കുടുംബത്തിന് 2013-ല്‍ കെട്ടിട നമ്പര്‍ നഗരസഭയില്‍നിന്ന് ലഭിച്ചിരുന്നു.തങ്ങളറിയാതെ താമസസ്ഥലം മാസ്റ്റര്‍ പ്ലാനില്‍ തെറ്റായി ഉള്‍പ്പെടുത്തിയതിന്റെ പരാതി രേഖാമൂലം നല്‍കിയപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും നിര്‍മാണ അനുമതിക്കായി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് നഗരസഭ അധികൃതരില്‍ നിന്ന് ഉണ്ടായതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.ഇതിനിടെ ലൈഫ് ഭവന പദ്ധതിയില്‍ വീടിന് തറ പണിതില്ലെന്ന കാരണം പറഞ്ഞ് ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്നറിയിച്ച് നോട്ടീസ് വന്നിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു.ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ താമസിക്കുന്ന കുടുംബം അതില്‍നിന്നൊരു മോചനത്തിന് വേണ്ടിയാണ് അടച്ചുറപ്പുള്ളൊരു വീടുനിര്‍മിക്കാന്‍ തീരുമാനിച്ചത്.ശരിയായി പഠനം നടത്താതെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍മൂലം കുടുംബം പെരുവഴിയിലേക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്.സമാനമായ ഒട്ടേറെ പരാതികള്‍ വേറെയും ഉണ്ടായിട്ടും അതൊന്നും പരിഹരിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്നും നഗരസഭ കൗണ്‍സിലര്‍ക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ കെ.വി.സത്താര്‍,സുപ്രിയ രാമേന്ദ്രന്‍,ഷാഹിദ മുഹമ്മദ്,ഫൈസൽ കാനാമ്പുള്ളി,പി.കെ.കബീർ,ഷാഹിത പേള എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

Follow us on :

More in Related News