Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുൾഡോസർ രാജിന് തടയിട്ട സുപ്രീം കോടതി വിധി സ്വാഗതാർഹം:കാന്തപുരം എ.പി.അബൂബക്കർ മുസ് ലിയാർ

18 Sep 2024 19:56 IST

MUKUNDAN

Share News :

ചാവക്കാട്:നിയമങ്ങളെയെല്ലാം നോക്കുകുത്തിയാക്കി കുറ്റാരോപിതരുടെ കെട്ടിടങ്ങളും വീടുകളുമെല്ലാം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ വലിയ പ്രാധാന്യമുള്ളതാണെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ് ലിയാർ അഭിപ്രായപ്പെട്ടു.ചാവക്കാട് നടന്ന മീലാദ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന അന്യായമായ ബുൾഡോസർ രാജ് പൂർണമായും ഇല്ലാതാക്കാൻ സുപ്രീം കോടതി ശ്വാശത വിധി പുറപ്പെടുവിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് നൽകിയ സന്ദേശങ്ങൾ സഹിഷ്ണുതയുടേയും സ്നേഹത്തിൻ്റേതുമാണ്.അവ പ്രാവർത്തികമാക്കിയാൽ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അധികവും അവസാനിക്കും.നമ്മുടെ രാജ്യം സാമുദായിക സൗഹാർദ്ദത്തിന് പേരുകേട്ട നാടാണ്.വർത്തമാനകാലത്ത് മതസൗഹാർദ്ദം ഭീഷണികൾക്കും ആശങ്കകൾക്കും മധ്യേ ആണെങ്കിലും രാജ്യത്തിൻ്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലം ഉണ്ട്.അതുകൊണ്ട് സമൂഹങ്ങൾ തമ്മിലുളള സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവത്തനങ്ങളും ഇവിടെ വിലപ്പോകില്ല. ആരുടേയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ തകർന്നു പോകുന്നതാകരുത് നമ്മുടെ സൗഹൃദ സാംസ്കാരിക പാരമ്പര്യം.അത് കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.മതം മുന്നോട്ടു വെക്കുന്നത് നൻമ മാത്രമാണ്.അത് പ്രചരിപ്പിക്കുകയും പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്ത മഹദ് വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബി. അവരെ അനുധാവനം ചെയ്ത് ലോകത്തിന് നൻമ ചെയ്യാനാണ് വിശ്വാസികൾ പരിശ്രമിക്കേണ്ടത്. മീലാദ് നൽകുന്ന പ്രധാന സന്ദേശവും അതാണ്. ലഹരിക്കെതിരെ,സാമൂഹിക വിപത്തുകൾക്കെതിരെ,വർഗീയതക്കെതിരെ,വിദ്യാഭ്യാസത്തിന് വേണ്ടി അങ്ങിനെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കായും എല്ലാവരും ഒരുമിച്ച് നിൽക്കണം.ഓരോ മതവിഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന വർഗീയ തീവ്രനിലപാടുകളെ തിരുത്താൻ അതിനകത്ത് നിന്ന് തന്നെ തിരുത്തൽ ശ്രമങ്ങളുണ്ടാകണം.മതനേതൃത്വം അതിന് സന്നദ്ധരാകണം. ഇസ്ലാമിക പാരമ്പര്യ മത പണ്ഡിതർ അത് നിർവഹിക്കുന്നുണ്ട്.സുന്നി സംഘടനകൾ നിർവ്വഹിക്കുന്ന പ്രധാന ദൗത്യവും അതാണെന്നും കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സംഘടിപ്പിച്ച ജില്ല മീലാദ് കോൺഫറൻസിൻ്റെ ഭാഗമായി നടന്ന മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി.മണത്തല ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചാവക്കാട് മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു.ആയിരക്കണക്കിന് വിശ്വാസികൾ അണി നിരന്ന മീലാദ് റാലിയിൽ വിവിധ മദ്റസകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ ദഫ്,അറബന മുട്ട് തുടങ്ങിയവ മിഴിവേകി.നബി കീർത്തന കാവ്യങ്ങളും മദ്ഹ് പാട്ടുകളും റാലിയുടെ ആകർഷണമായി മാറി.വർണാഭമായ റാലിക്ക് സമസ്ത,കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ്,എസ് ജെ എം,എസ് എം എ ജില്ല ഭാരവാഹികളായ താഴപ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ,ഐ.എം.കെ ഫൈസി,അഡ്വ.പി.യു അലി,എഞ്ചിനീയർ, ജമാലുദ്ദീൻ ഹാജി,ഷമീർ എറിയാട്,എം.എസ്.മുഹമ്മദ് ഹാജി,അബ്ദുല്ല അൻവരി,സി.വി.മുസ്തഫ സഖാഫി,ഹുസൈൻ ഫാളിലി,അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News