Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബന്ദിപൂകൃഷിയിലും വിജയഗാഥ; കൃഷി നാടിൻ്റെ സംസ്ക്കാരമാക്കി മറവൻതുരുത്തിലെ രണ്ട് സർക്കാർ ജീവനക്കാർ.

26 Aug 2025 19:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കൃഷിയെ നെഞ്ചോടു ചേർത്തുപിടിച്ച് വിജയഗാഥ രചിക്കുകയാണ് രണ്ട് സർക്കാർ ജീവനക്കാർ. മറവൻതുരുത്ത് പഞ്ചായത്തിലെ ക്ലർക്ക് പാലാംകടവ് പാറയ്ക്കൽ മറ്റത്തിൽ കെ.കെ. മനോജും, പഞ്ചയത്ത് വാഹന ഡ്രൈവറായ മറവൻതുരുത്ത് പുത്തൻപറമ്പിൽ ജെ.സാമുവലുമാണ് ബന്തിപ്പൂകൃഷിയും ഏത്തവാഴകൃഷിയും വിജയകരമായി നടത്തി നാടിനാകെ പ്രചോദനമാകുന്നത്. രാവിലെ ആറു മുതൽ ഒൻപതു മണിവരെയും ഓഫീസ്ജോലി കഴിഞ്ഞ് വൈകുന്നേരവുമാണ് ഇവർ കൃഷിയിൽ വ്യാപൃതരാകുന്നത്. കൃഷിയോടുള്ള താല്പര്യത്തെ തുടർന്ന് സഹപ്രവർത്തകരും ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും സുമനസുകളും ഇവർക്ക് വേണ്ട പിൻബലവും പ്രോത്സാഹനവും നൽകുന്നുണ്ട്. മണിയശ്ശേരി ക്ഷേത്രത്തിന് സമീപം 20 സെൻ്റ് സ്ഥലത്ത് ഇവർ നട്ട 1200 മഞ്ഞ,ചുവപ്പ് ബന്തി ചെടികൾ പൂവിട്ട് വിൽപനയ്ക്ക് പാകമായി. ബന്തിക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ വാടാമല്ലിയും ഇഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്. ഓണപൂക്കളം തീർക്കാനും അലങ്കാരങ്ങൾക്കുമായി നിരവധിപേർ ഇതിനോടകം പൂക്കൾ ആവശ്യപ്പെട്ട് പൂന്തോട്ടത്തിൽ എത്തിക്കഴിഞ്ഞു.

കഴിഞ്ഞ തവണ 4000 ബന്തിതൈകൾ നട്ട് കൃഷി വൻവിജയമായിരുന്നെങ്കിലും വയനാട് ദുരന്തത്തെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതായതോടെ പൂക്കൾ വിറ്റഴിക്കാനാതെ വലിയ നഷ്ടം നേരിടേണ്ടി വന്നു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പുരയിടം ഒരുക്കിയാണ് വെണ്ട, വഴുതന, വെള്ളരി, തണ്ണിമത്തൻ, വിവിധ ഇനം പയറുകൾ തുടങ്ങിയവകൃഷി ചെയ്തത്. കുടുംബശ്രീ വനിതകളുടെ സഹായത്തോടെ മിതമായ നിരക്കിൽ പച്ചക്കറി ഉൽപന്നങ്ങൾ പ്രാദേശികമായി തന്നെ വിറ്റഴിച്ചതിനാൽ പൂകൃഷിയിലെ നഷ്ടം നികത്താനായി. സമീപത്ത് 32 സെൻ്റ് സ്ഥലത്ത് നട്ട 250 മഞ്ചേരി കുള്ളൻ ഏത്തവാഴകളിൽ ഭൂരിഭാഗത്തിലും ഇപ്പോൾ കുലകളായി.14 കിലോവരെ തൂക്കം വരുന്ന കുലകൾ ലഭിക്കുമെന്ന് ഇരുവരും പറയുന്നു. മനോജിന് മുണ്ടാർ പോത്തൻ മാലിയിൽ അഞ്ചേക്കർ നെൽകൃഷിയുമുണ്ട്. മനസിന് വലിയ സംതൃപ്തിയും ശരീരത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാനും കൃഷിയിലൂടെ സാധിക്കുന്നതിനാൽ കൃഷിയിൽ തങ്ങൾ ലഹരി കണ്ടെത്തുകയാണെന്ന് ഇരുവരും പറയുന്നു. ബന്ദിപൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.


Follow us on :

More in Related News