Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ വട്ടോളിദേവീക്ഷേത്ര പാട്ടുത്സവം ഞായറാഴ്ച്ച തുടങ്ങും ഒരുക്കങ്ങളായി '

14 Mar 2025 19:43 IST

UNNICHEKKU .M

Share News :

മുക്കം: മലബാറിലെ അതിപുരാതനവും പ്രശസ്തവുമായ വട്ടോളിപ്പറമ്പ് വട്ടോളി ദേവീക്ഷേത്രത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന പാട്ടുത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഉത്സവ കമ്മിറ്റി ഭാരവാഹികൾ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഞായറാഴ്ച്ച രാവിലെ മാവത്തടത്തിൽ രൂപേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന സർവ്വൈശ്വര്യപൂജയ്ക്കും ലളിതാസഹസ്രനാമാർച്ചനയ്ക്കും മുക്കം ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജർ വത്സൻ മoത്തിൽ ഭദ്രദീപം കൊളുത്തും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ക്ഷേത്ര കുളം സമർപ്പണം മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ നിർവ്വഹിക്കും.ഉത്സവ കമ്മിറ്റി പ്രസിഡൻറ് മുക്കം നഗരസഭ കൗൺസിലർ വളപ്പിൽ ശിവശങ്കരൻ അധ്യക്ഷനാകും.

പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പാതിരിശേരി മിഥുൻ നമ്പൂതിരിപ്പാട്, മേൽശാന്തി താമരക്കുളം ധനേഷ് നമ്പൂതിരി ,ശാന്തി ബംഗ്ലാവിൽ ശങ്കരനുണ്ണി നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. രണ്ട് ദിവസങ്ങളിലും വിശേഷാൽ പൂജകളും ഉച്ചക്കും രാത്രിയിലും അന്നദാനവുമുണ്ടാകും. പാട്ടുത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ ഏഴ് മുതൽ ക്ഷേത്ര തിരുമുറ്റത്ത് ആനപ്പുറത്ത് ദേവിയുടെ തിടമ്പേറ്റിയുള്ള പറയെടുപ്പ് നടക്കും.പതിനൊന്നരക്ക് ഉച്ചപ്പാട്ടിന് എഴുന്നള്ളിപ്പ്, കൂറയിടൽ, തോറ്റംപാട്ട് എന്നിവയുണ്ടാകും. തുടർന്ന് സ്റ്റേജിൽ ഗോപിക ഹരിഗോവിന്ദൻ്റെ ദേവീ മാഹാത്മ്യ പാരായണവും, ജി.കെ.വാര്യരും സംഘവും അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സും നടക്കും.വൈകുന്നേരം ഏഴ് മുതൽ വാദ്യമേളങ്ങളുടെയുംനിശ്ചല ദൃശ്യങ്ങളോടെയുമുള്ള തെക്കു ദേശക്കാരുടേയും വടക്കു ദേശക്കാരുടെയും വരവാഘോഷം ക്ഷേത്രത്തിലെത്തും.വയനാട് മനു പ്രസാദ് മാരാരുടെ ഗംഭീര തായമ്പകയും അരങ്ങേറും. രാത്രി ഒമ്പതര മുതൽ ഫ്യൂഷൻ ഡാൻസ്, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറും.പുലർച്ചെ ഒന്നിന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗജവീരൻ ഗോപി കണ്ണന്റെ പുറത്ത് ഭഗവതി മുല്ലക്കൽ പാട്ടിന് ക്ഷേത്ര നടക്ക് താഴെയുള്ള ആൽച്ചുവട്ടിലെത്തി തുടർന്ന് പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളും. തുടർന്ന് ഇടക്ക പ്രദക്ഷിണം, കൊട്ടിപ്പാടി സേവ, ഈടും കൂറും, നൃത്തം, കളം പ്രദക്ഷിണം, കളംപൂജ, കളം മായ്ക്കൽ എന്നിവയും നടക്കും.

  പാട്ടുത്സവത്തിന്റെ രണ്ടാം ദിവവും രാവിലെ ഏഴിന് ഗജരാജൻ്റെ സാന്നിദ്ധ്യത്തിൽ പറയെടുപ്പുണ്ടാകും.11 ന് പറമ്പിടി പുതുശേരി ഇല്ലം നീലകണ്ഠൻ നമ്പൂതിരിയുടെ ആത്മിയപ്രഭാഷണം നടക്കും. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടര മുതൽ കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിൽ അരങ്ങേറ്റം നടക്കും.വൈകുന്നേരം അഞ്ചിനാണ് കേളികൊട്ട്, കൊമ്പു പറ്റ്, കുഴൽപറ്റ്. ഏഴിന് പാലക്കാട് ജയ വിജയന്മാരുടെ സ്പെഷ്യൽ ഇരട്ട തായമ്പക ഉണ്ടാകും. രാത്രി ഒമ്പതു മുതൽ കലാസന്ധ്യ, മെഗാ തിരുവാതിര, ഫ്യൂഷൻ തിരുവാതിര, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. പത്തരക്ക് ഭഗവതി ആന പുറത്ത് മുല്ലക്കൽ പാട്ടിന്എഴുന്നള്ളും. അർദ്ധരാത്രി മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും വീശി പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ ദേവി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.പുലർച്ചെ രണ്ടിന് ഗംഭീരകരിമരുന്ന് കലാപ്രകടനവുമുണ്ടാകും.ചൊവ്വാഴ്ച രാവിലെ പാട്ട് കുടികൂട്ടലും കൂറവലിക്കൽ ചടങ്ങും നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്ര ശ്രീകോവിൽ നവീകരണ പ്രവൃത്തിക്കുള്ള ധനസമാഹരണവും ഇതോടൊപ്പം നടന്നു വരുന്നതായും ഏവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളത്തിൽ ഉത്സവ കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ.രാജൻ, സെക്രട്ടറി എടക്കാട്ടുപറമ്പിൽ മോഹൻദാസ്, ട്രസ്റ്റി ചെയർമാൻ മനോജ് കാതോട്, അംഗം സുഭാഷ് മാടാരി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News