Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 10:32 IST
Share News :
മലപ്പുറം : കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വളർന്നുവരുന്ന തലമുറ സമ്മർദങ്ങൾക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂർണ്ണമായി ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ബോധ്യപ്പെടുത്തണം. കുട്ടികൾക്ക് കളിച്ചുവളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതിനായി സ്‌കൂൾ വിടുന്നതിന് മുമ്പ് നിശ്ചിത സമയം കുട്ടികൾക്ക് കളിക്കാനുള്ള സമയം അനുവദിക്കണം. എല്ലാ സ്‌കൂളുകളിലും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുവാക്കൾക്കിടയിൽ രാസലഹരി ഉപയോഗം വർധിക്കുന്നത് സർക്കാർ ഗൗരവപരമായാണ് കാണുന്നത്. പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിലെ ഈ മനോഭാവം ഭീതിജനകമാണ്. രാസലഹരി ഭാവി തലമുറയെ തന്നെ ബാധിക്കും. ഇതിനെതിരെ നല്ല തയ്യാറെടുപ്പാണ് സർക്കാർ നടത്തുന്നത്. നിരന്തരമായ ചർച്ചകൾക്ക് ശേഷം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂൾ തുറക്കുന്ന ജൂൺ മാസത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ ശക്തമാക്കും. ഇതിനായി വിദ്യാർഥികളോട് നിരന്തരം ഇഉടപെടുന്ന അധ്യാപകർ കൗൺസിലർമാരായി മാറുകയാണ് വേണ്ടത്. അതിനുള്ള പരിശീലനം സർക്കാർ തലത്തിൽ നൽകും. ഒരു വിദ്യാർഥി മയക്കുമരുന്നിന് അടിമപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ അത് രഹസ്യമാക്കി വെക്കരുതെന്നും ക്രിത്യമായ കൗൺസിലിങും മറ്റും നൽകി മാറ്റിയെടുക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പുതുജീവിതത്തിലേക്ക് കടന്നുവന്നവരെ ഒറ്റപ്പെടുത്തരുതെന്നും ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റണമെങ്കിൽ സംസ്ഥാനത്തിന് അതിനാവശ്യമായ വരുമാനമുണ്ടാവണം. നിലവിൽ 60 ലക്ഷം ആളുകൾക്ക് സാമൂഹിക പെൻഷൻ നൽകുന്നുണ്ട്. കൂടാതെ ഇൻഷൂറൻസ്, വീട് നിർമാണം, സൗജന്യ ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കുള്ള ചെലവ് കണ്ടെത്തുകയും വേണം. ഇതിനായാണ് നികുതി വർധനവ് ഏർപ്പെടുത്തിയത്. അത് പ്രയാസമായി തോന്നുമെങ്കിലും ആ തുക പരസഹായത്തിനായി ഉപയോഗിക്കുന്നതെന്ന ചിന്ത വേണം. വളരെ ചുരുക്കം മേഖലയിൽ മാത്രമാണ് നികുതി ചുമത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.