Tue Dec 12, 2023 10:56 PM 1ST

Location  

Sign In

''റുമ്മാന ഫെസ്റ്റിവല്‍'' 41,600ലധികം സന്ദര്‍ശകർ എത്തി

17 Sep 2024 01:20 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാന്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറില്‍ മാതള വിളവെടുപ്പിന് തുടക്കമായി. നൂതന അഗ്രി ടൂറിസം പരിപാടിയായ 'റുമ്മാന' ഉത്സവത്തിന്റെ ഭാഗമായാണ് വിളവെടുപ്പ് തുടങ്ങിയത്. ജൂലായ് നാല് മുതല്‍ ഇതുവരെ 'റുമ്മാന' ഫെസ്റ്റിവലിലേക്ക് 41,600ലധികം സന്ദര്‍ശകരാണ് എത്തിയത്. സെപ്റ്റംബര്‍ 28 വരെയാണ് 'റുമ്മാന' ഫെസ്റ്റിവല്‍ തുടരുക.

ഒമാന്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറിന്റെ കാര്‍ഷിക വിനോദസഞ്ചാരത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് റുമ്മാന ഫെസ്റ്റിവല്‍. സന്ദര്‍ശകര്‍ക്ക് പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രദര്‍ശിപ്പിക്കുകയും അതുല്യമായ അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പരിപാടി. വിളവെടുപ്പിന്റെ ആദ്യ ദിവസം ആഭ്യന്തര- അന്തര്‍ദേശീയ സന്ദര്‍ശകരുടെ ഗണ്യമായ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് അഗ്രി ടൂറിസം ഡെവലപ്മെന്റ് കമ്പനിയുടെ ഫീല്‍ഡ് വര്‍ക്ക് ടീം തലവന്‍ ഖാലിദ് ബിന്‍ ഹമദ് അൽ അഗ്ബാരി പറഞ്ഞു. 

മാതളനാരങ്ങ വിളവെടുപ്പ് സീസണ്‍ തുടങ്ങിയതിനാല്‍ സന്ദര്‍ശകരുടെ വരവില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 667 മാതള മരങ്ങളില്‍നിന്നായി 8.5 ടണ്ണിലധികം വിളവാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാര്‍ഷിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തത്തോടെയാണ് റുമ്മാന ഫെസ്റ്റിവല്‍ നടക്കുന്നത്.

വിശാലവും വൈവിധ്യപൂര്‍ണവുമായ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് ഒമാന്‍. ജബല്‍ അഖ്ദറിലെ സന്ദര്‍ശകര്‍ക്ക് കാര്‍ഷിക ടൂറിസത്തിന്റെ അനുഭവം നല്‍കുന്നതിനും പ്രാദേശിക കര്‍ഷകര്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്യുക എന്നത് ഇവന്റിന്റെ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്. വ്യക്തികള്‍ മുതല്‍ കുടുംബങ്ങള്‍ വരെയുള്ള എല്ലാ സന്ദര്‍ശകര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവന്റിലുള്ളത്. വിനോദം, മാതളനാരങ്ങ വില്‍പന, ഭക്ഷണം, പാനീയങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സുലഭമാണ്. സന്ദര്‍ശകര്‍ക്ക് സെപ്റ്റംബര്‍ 28 വരെ ജബല്‍ അഖ്ദറിലെ സീഹ് കിത്ന ഗ്രാമത്തിലെ ജനേന്‍ ഫാമില്‍ റുമ്മാന പരിപാടി ആസ്വദിക്കാം.


ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News