Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 20:12 IST
Share News :
കടുത്തുരുത്തി: ഗുണമേന്മയും സുസ്ഥിരതയുമാർന്ന ഊർജോൽപ്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് 2025 വിതരണച്ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് വിതരണം വെറുമൊരു പുരസ്‌കാരച്ചടങ്ങ് മാത്രമല്ല, മറിച്ച് ഊർജക്ഷമതയിലൂടെ വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർക്കുന്ന കേരളത്തിന്റെ ദൃഢ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുന്നതിൽ സർക്കാർ സജീവമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തൽ, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ ഉറപ്പാക്കൽ, സാങ്കേതിക നവീകരണം എന്നിവയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.
ട്രാൻസ്മിഷൻ-ഡിസ്ട്രിബ്യൂഷൻ നഷ്ടം കുറയ്ക്കൽ, സ്മാർട്ട് മീറ്ററിംഗ് വ്യാപനം, വൈദ്യുതി സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. പുനരുപയോഗ ഊർജ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും ശ്രദ്ധേയമാണ്. സൗരോർജ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ വീടുകളും സ്ഥാപനങ്ങളും ഉപഭോക്താക്കളെന്നതിലുപരി ഉൽപാദകരാകുന്ന പുതിയ സംസ്‌കാരം രൂപപ്പെട്ടു. മേൽക്കൂര സോളാർ പ്ലാന്റുകൾ, സർക്കാർ സ്ഥാപനങ്ങളിലെ ഗ്രീൻ ബിൽഡിംഗ് മാതൃകകൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഊർജക്ഷമ പദ്ധതികൾ എന്നിവ സർക്കാരിന്റെ പ്രവർത്തന മികവിന്റെ ഉദാഹരണങ്ങളാണ്.
എനർജി മാനേജ്മെന്റ് സെന്റർ (EMC) മുഖേന ISO 50001 സർട്ടിഫിക്കേഷൻ പ്രോത്സാഹിപ്പിക്കുകയും ഊർജ ഓഡിറ്റ് പദ്ധതികൾ നടപ്പിലാക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന്റെ ഊർജക്ഷമതാ ദൗത്യത്തിന് കരുത്ത് പകരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പ്രകടനം വിലയിരുത്തി വിവിധ വിഭാഗങ്ങളിലായി ആദരിക്കപ്പെട്ട സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ഊർജ സംരക്ഷണം ചെലവ് ലാഭിക്കൽ മാത്രമല്ല, പരിസ്ഥിതി സംരക്ഷണവും ഭാവി തലമുറയോടുള്ള ഉത്തരവാദിത്തവുമാണ്. നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനമായ കേരളം ഇനി ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ളതും പരിസ്ഥിതി സൗഹൃദവും സ്ഥിരതയാർന്നതുമായ വൈദ്യുതി സംവിധാനമാണ്.
അവാർഡ് ജേതാക്കൾക്കും പ്രത്യേക പരാമർശം ലഭിച്ചവർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. ഉൽപാദനത്തിൽ പുരോഗതി, ഉപഭോഗത്തിൽ ഉത്തരവാദിത്തം, വികസനത്തിൽ സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാർ, സ്വകാര്യ മേഖല, വിവിധ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കണം. ചടങ്ങ് വിജയകരമായി സംഘടിപ്പിച്ച എല്ലാവർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്റർ മുഖേനയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്. ഏഴ് വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും നൽകി. കൂടാതെ ISO 50001 സർട്ടിഫിക്കേഷനും ഊർജ ഓഡിറ്റും നടപ്പിലാക്കുന്നതിനുള്ള ആനുകൂല്യങ്ങളും ഇ.എം.സി പ്രഖ്യാപിച്ചു.
ഇത്തവണ വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് അവാർഡ് ഏറ്റുവാങ്ങി. ചെറുകിട വിഭാഗത്തിൽ കോഴിക്കോട് ഫോർച്യൂൺ ഇലാസ്റ്റോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും, കെട്ടിടങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും പുരസ്‌കാരത്തിനർഹരായി. സ്ഥാപനങ്ങൾ/സംഘടനകൾ വിഭാഗത്തിൽ കേരള സർവകലാശാലയാണ് അവാർഡ് ജേതാവ്.
വിവിധ വിഭാഗങ്ങളിലായി പ്രത്യേക പരാമർശത്തിനും പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായവരെയും ചടങ്ങിൽ ആദരിച്ചു. വൻകിട വിഭാഗത്തിൽ കോഴിക്കോട് പി.കെ. സ്റ്റീൽ കാസ്റ്റിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് എന്നിവരും ഇടത്തരം വിഭാഗത്തിൽ ആലപ്പുഴ വി.കെ.എൽ സീസണിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂർ ഡയറി (MRCMPU) എന്നിവരും കുമരകം കോക്കനട്ട് ലഗൂൺ (കെട്ടിടങ്ങൾ), കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (സ്ഥാപനങ്ങൾ), ആലപ്പുഴ ഓൾ എബൗട്ട് ഇന്നൊവേഷൻ ആൻഡ് അഡ്വാൻസ്ഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് (ഊർജ ക്ഷമ ഉൽപ്പന്ന പ്രോത്സാഹകർ), എറണാകുളം എഫ് 5 സസ്‌റ്റൈനബിലിറ്റി കൺസൾട്ടന്റ്സ് (ആർക്കിടെക്ചറൽ സ്ഥാപനങ്ങൾ) എന്നിവർ പ്രത്യേക പരാമർശത്തിനുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.കെ. ദാമോദരന്റെ ജീവിതം ആസ്പദമാക്കിയ 'ദാമോദരം' അനുസ്മരണ വീഡിയോയും ചടങ്ങിൽ പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. കെ. രവി രാമൻ മുഖ്യപ്രഭാഷണം നടത്തി. അനെർട്ട് സി.ഇ.ഒ ഹർഷിൽ ആർ മീണ, ഇ.എം.സി വൈസ് ചെയർമാൻ ഡോ. ആർ.വി.ജി മേനോൻ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി. വിനോദ് എന്നിവർ ആശംസകളർപ്പിച്ചു. ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ സ്വാഗതവും രജിസ്ട്രാർ സുഭാഷ് ബാബു ബി.വി നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.