Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 21:20 IST
Share News :
മലപ്പുറം : പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരമേറിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിൻ്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം.
പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയിൽവേ ഉന്നതർ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങൾ അണിയറയിൽ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാൽ വരുന്ന കടുത്ത ജനരോഷം ശമിപ്പിക്കാനുള്ള കുതന്ത്രങ്ങളാണ് റെയിൽവേ ട്രാക്കിലിറക്കുന്നത്. റെയിൽവേയുടെ ഉന്നതതല യോഗത്തിൽ ഈ നീക്കം അജണ്ടയായി വരുന്നത് യാദ്യച്ഛികമാണെന്ന് കരുതാൻ കഴിയില്ല.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷൻ. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷൻ നിർത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്. റെയിൽവേ വികസനത്തിൻ്റെ കാര്യത്തിൽ കേരളത്തോട് എക്കാലവും കടുത്ത അവഗണനയാണ് തുടരുന്നത്. അതിനിടയിലാണ് നിലവിലെ സംവിധാനങ്ങൾ കൂടി ഇല്ലാതാക്കുന്നത്.
യുപിഎ സർക്കാർ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ ആരംഭിച്ചത്. അതിനുശേഷം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താൻ ആസൂത്രിത നീക്കമുണ്ടായി. പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നു. അന്ന് കടുത്ത പ്രതിഷേധം ഉയർത്തി കേരളം അതിനെ ചെറുത്തു തോൽപ്പിച്ചു. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.