Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമയിൽ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ടുപയോഗിച്ച് സാധനം വാങ്ങി; മലപ്പുറത്ത് ആർട്ട് അസിസ്റ്റന്റ് പിടിയിൽ

19 Dec 2025 13:35 IST

Jithu Vijay

Share News :

കുറ്റിപ്പുറം : സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് പൊതുവിപണിയില്‍ ഉപയോഗിച്ച സിനിമാ ആർട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ആർട്ട് അസിസ്റ്റന്‍റായി ജോലി നോക്കുന്ന ആലപ്പുഴ സ്വദേശി വളവില്‍ചിറ ഷല്‍ജിനെ (50) യാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും വ്യാജ 500 നോട്ടുകള്‍ പോലീസ് പിടികൂടി.


500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. വ്യാജ നോട്ട് പച്ചക്കറിക്കടകളിിലും, മീന്‍കടകളിലും, വിവിധ മാര്‍ക്കറ്റുകളിലും, ലോട്ടറി കടയിലുമൊക്കെ കൊടുത്തു വിനിമയം ചെയ്യുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.


കുറ്റിപ്പുറം തവനൂര്‍ റോഡിലുള്ള ജിലേബി കടക്കാരന്റെ കടയില്‍ 500 രൂപ നോട്ട് കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങിയ ഷല്‍ജിൻ ബാക്കി 430 രൂപയുമായി തിരിച്ചു പോയി. എന്നാല്‍ സംശയം തോന്നിയ കടക്കാരന്‍ കയ്യില്‍ ഉണ്ടായിരുന്ന മറ്റൊരു 500 നോട്ടുമായി ഒത്തു നോക്കിയതില്‍ താൻ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞു.

നോട്ടിന്റെ കനത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കടക്കാരൻ ബഹളം വെച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഷല്‍ജിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.


കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളിലായി ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ ഇയാള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നതിന്റെ മറവില്‍ മാർക്കറ്റുകളില്‍ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.


എറണാകുളത്തെ ഒരു പ്രസ്സിൽ നിന്നാണ് ഇത്തരത്തിൽ സിനിമാ ചിത്രീകരണ ആവശ്യത്തിന് ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ പ്രിൻ്റ് ചെയ്യുന്നത്. ഈ നോട്ടുകളിൽ സിനിമാ ചിത്രീകരണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നത് എന്ന മുന്നറിയിപ്പും പ്രിൻ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എസ്ഐ കെ.എം. നാസർ, എസ്ഡിപി ഒ. അബ്ദുല്ല, സിപിഒ ഡെന്നീസ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




Follow us on :

More in Related News