Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകന് മാപ്പ് നൽകിയ ബൈഡന്റെ തീരുമാനത്തിനെതിരെ യുഎസിൽ പ്രതിഷേധം ശക്തമാകുന്നു; രൂക്ഷ വിമ‍ർശനവുമായി ട്രംപും

03 Dec 2024 14:45 IST

Shafeek cn

Share News :

പ്രസിഡന്റ് ജോ ബൈഡൻ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മകൻ ഹണ്ടർ ബൈഡൻ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും മാപ്പ് നൽകിയ തീരുമാനത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിരൂക്ഷ വിമർശനമാണ് ബൈഡനെതിരെ നടത്തിയത്. നിയമം സംരക്ഷിക്കേണ്ട പ്രസിഡന്‍റ് തന്നെ നിയമത്തെ ദുരുപയോഗം ചെയ്യകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്.


ബൈഡൻ ചെയ്തത് നീതി നിഷേധമാണെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ട്രംപിന് പിന്നാലെ കൂടുതൽ നേതാക്കൾ ബൈഡനെ വിമർശിച്ച് രംഗത്തെത്തി. മകൻ ഹണ്ടറെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് രക്ഷിക്കാൻ ബൈഡൻ അധികാരം ദുർവിനിയോഗം ചെയ്തെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ ആരോപിച്ചു. അനധികൃതമായി തോക്ക് കൈവശം വച്ച കേസിലും നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടർ ബൈഡൻ പ്രതിയായിരുന്നു. ഈ കേസുകളിലാണ് പ്രസിഡന്‍റ് മാപ്പ് നൽകിയത്.


അതേസമയം ബൈഡനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. രാജ്യത്തെ നിയമ വ്യവസ്ഥക്ക് അകത്തുള്ള കാര്യങ്ങൾ മാത്രമേ പ്രസിഡന്‍റ് ചെയ്തിട്ടുള്ളുവെന്നാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം. തന്‍റെ മകനാണെന്ന കാരണത്താൽ ഹണ്ടർ ബൈഡൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നേരത്തെ ബൈഡൻ മാപ്പ് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പ്രസിഡൻ്റിന് യുഎസ് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ബൈഡൻ്റെ ഈ തീരുമാനം. അമേരിക്കൻ പ്രസിഡൻ്റ് പദവിയിലെത്തുന്നവർ ഈ അധികാരം പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. രണ്ട് ടേമുകളിലായി ബറാക് ഒബാമ 1927 തവണയും ആദ്യ ടേമിൽ ഡോണൾഡ് ട്രംപ് 237 തവണയും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News