Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസവാനന്തര പ്രമേഹ പ്രതിരോധം: 'മധുര പ്രതിരോധം' പദ്ധതിക്ക് ആസ്റ്റർ മെഡ്‌സിറ്റിയിൽ തുടക്കമായി

20 May 2024 20:29 IST

Enlight News Desk

Share News :

കൊച്ചി: ഗർഭകാല പ്രമേഹം (ജസ്റ്റേഷണൽ ഡയബറ്റിക് മെലിറ്റസ് - ജി.ഡി.എം) ബാധിച്ച വനിതകളിൽ പ്രസവ ശേഷമുള്ള പ്രമേഹ സാധ്യതകൾ കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'മധുര പ്രതിരോധം' പദ്ധതിക്ക് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ തുടക്കമായി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) 1.32 കോടി രൂപ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും മുൻ കേരള പൊലീസ് ഡി.ജി.പിയുമായിരുന്ന ലോകനാഥ് ബഹ്‌റ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉയർന്ന ആരോഗ്യപരിരക്ഷയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കിക്കൊണ്ടുള്ള ആസ്റ്റർ മെഡ്‌സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് ഇത്തരം പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.


എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജീവിത ശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പ്രസവത്തിന് ശേഷം പ്രമേഹത്തെ പ്രതിരോധിക്കാൻ സാധിക്കും. പ്രസവാനന്തര കാലയളവിൽ ആരോഗ്യകരമായ ജീവിത ശൈലി നയിക്കാൻ ഗ്രാമീണ മേഖലയിലെ ഗർഭകാലത്ത് പ്രമേഹ ബാധിതരായ രണ്ടായിരത്തോളം അമ്മമാർക്കും അവരുടെ കുടുംബങ്ങൾക്കും പരിശീലനം നൽകും. പോഷകസമൃദ്ധമായ ഭക്ഷണം, സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റത്തിലൂടെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ അമ്മമാരിലെ ഗർഭകാല പ്രമേഹത്തെ പ്രതിരോധിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.


ഗർഭകാല പ്രമേഹ ബാധിതരായ അമ്മമാരുടെ സംഗമ വേദിയായി മാറിയ പരിപാടിയിൽ ജി.ഡി.എമ്മിനെ കുറിച്ചുള്ള സമഗ്രമായ ചെറുപുസ്തകം പ്രകാശനം ചെയ്തു. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ടി. ആർ ജോൺ പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി. ഗ്രാൻഡ് ലഭിച്ച ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ റിസർച്ച് അഡ്മിനിസ്‌ട്രേറ്റർ ഡോ. ഉമാ വി. ശങ്കർ പദ്ധതിയുടെ വിശദീകരണം നടത്തി.


ആസ്റ്റർ മെഡ്‌സിറ്റി സീനിയർ ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി ആന്റ് ഐ.വി.എഫ് കൺസൾട്ടന്റ് ഡോ. ഷമീമ അൻവർ സാദത്ത്, എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. വി.പി വിപിൻ, നിയോനാറ്റോളജി കൺസൾട്ടന്റ് ഡോ. രാജശ്രീ, ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. സന്ധ്യ ചെർക്കിൽ, സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ നിബി അൽഫോൻസ തുടങ്ങിയ വിദഗ്ധർ ഗർഭകാല പ്രമേഹം, അതിന്റെ അപകടസാധ്യതകൾ, ചികിത്സാ ഓപ്ഷനുകൾ, ഭക്ഷണത്തിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.


ഐ.സി.എം.ആർ പ്രോജക്ട് സയന്റിസ്റ്റ് ഡോ. മായ ചാക്കോ, ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സറീന എ. ഖാലിദ്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് ആർ. വാര്യർ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. എസ്.വിജയ മോഹൻ, ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി ചീഫ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചീഫ് നഴ്‌സിംഗ് ഓഫീസർ ക്യാപ്റ്റൻ ഡോ. തങ്കം രാജരത്‌നം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News