Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലൂരിലെ നൃത്ത പരിപാടിയിലെ പണപ്പിരിവിൽ കേസെടുത്ത് പൊലീസ്; ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തും പ്രതി

01 Jan 2025 14:29 IST

Shafeek cn

Share News :

കൊച്ചി: കലൂരില്‍ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവില്‍ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നര്‍ത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂര്‍ണിമ എന്ന യുവതിയും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4 ), 318 (3), 318 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.


മൃദംഗ വിഷന്റെ എം ഡിയായ നിഗോഷ് കുമാര്‍, സിഇഒ ആയ ഷമീര്‍ അബ്ദുള്‍ വഹീം, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവരുട പേരും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂര്‍ണിമ അമേരിക്കന്‍ പൗരത്വമുളള വ്യക്തിയാണ്. ഒന്ന് മുതല്‍ അഞ്ചു വരെയുളള പ്രതികള്‍ക്ക് നര്‍ത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായതായി എഫ്‌ഐആറില്‍ പറയുന്നു. 2000 രൂപ കൊടുത്താല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയെന്നും 1600 രൂപ വെറെയും കൈപ്പറ്റിയതായും എഫ്‌ഐആറില്‍ പറയുന്നു. 12000 ത്തോളം പേരുടെ അടുത്ത് നിന്ന് ഭീമമായ തുക വാങ്ങിയെന്നും എഫ്‌ഐആറിലുണ്ട്.


പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ വന്‍ രജിസ്‌ട്രേഷന്‍ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളില്‍ നിന്ന് വാങ്ങിയത് 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെയുളള ആരോപണം.


കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയതായി ആരോപണമുണ്ട്. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചും സംഘാടകര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയില്‍ കോര്‍പറേഷന്‍ നല്‍കുന്ന പിപിആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ് എടുക്കാതെയാണ് ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മിച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയത്. ഇതിന് വിശദീകരണം നല്‍കണമെന്ന് റവന്യൂ വിഭാഗം നല്‍കിയ നോട്ടീസില്‍ പറയുന്നു. ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച് വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.


Follow us on :

More in Related News