Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് സ്വന്തം വീട്ടിലേക്ക് ഭക്ഷണത്തിനായ് വരുന്നതിനിടെ

29 Jan 2025 08:32 IST

Jithu Vijay

Share News :

പാലക്കാട് : നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. ഒന്നര ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പോലീസ് ഭക്ഷണം എത്തിച്ചുനല്‍കി. തുടർന്നായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.


ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാൻ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരൻ പറഞ്ഞതിനെത്തുടർന്ന് പോലീസ് പ്രദേശത്ത് തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടില്‍നിന്ന് 200 മീറ്റർ മാറിയുള്ള സഹോദരന്റെ വീട്ടില്‍ മുഴുവൻസമയവും കാവലും നിന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.


എന്നാല്‍ ഇത്തവണ സഹോദരന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴിയില്‍ കൃത്യമായി പോലീസ് വിരിച്ച വലയില്‍ വീഴുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി ഒൻപതേമുക്കാലോടെത്തന്നെ ചെന്താമരയെ വയല്‍വരമ്പില്‍നിന്ന് പിടികൂടിയതായാണ് പോലീസ് നല്‍കുന്ന സൂചന. തുടർന്ന് ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് കുറച്ചുനേരത്തിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടർന്നാണ് സ്വകാര്യവാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അറസ്റ്റിലായ ചെന്താമരയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ അനുമതിതേടുമെന്ന് ആലത്തൂർ ഡിവൈ.എസ്.പി. എൻ. മുരളീധരൻ പറഞ്ഞു.


പ്രതിക്കെതിരെ വലിയ രോഷമാണ് സ്റ്റേഷന്‍ പരിസരത്ത് തടിച്ച്‌ കൂടിയ ജനം പ്രകടിപ്പിച്ചത്. പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ഇപ്പോഴും സ്റ്റേഷന്‍ പരിസരത്ത് ആളുകള്‍ തടിച്ച്‌ കൂടി നില്‍ക്കുന്നുണ്ട്.

Follow us on :

More in Related News