Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കി പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

24 Sep 2024 22:15 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷവും പതിനൊന്നാം വാർഷികവും രണ്ടു ദിവസത്തെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  

ദേശീയ അവാർഡ് ജേതാവും പ്രശസ്ത അഭിനേത്രിയുമായ അപർണ ബാലമുരളിയായിരുന്നു മുഖ്യാതിഥി. മലയാളത്തിന്റെ സ്വന്തം അമ്മയെന്ന് വിശേഷിപ്പിക്കുന്ന അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയെ അനുസ്‌മരിച്ചുകൊണ്ടാണ് അപർണ ബാലമുരളി തന്റെ ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്. കേരളത്തേക്കാൾ ഒരുമയുടെയും, ഐക്യത്തോടെയുമാണ് മറുനാട്ടിൽ മലയാളികൾ ഓണം ആഘോഷിക്കുന്നത് എന്നും, ഓണം എന്നാൽ ഇന്ന് മലയാളിയുടെ മാത്രം ദേശീയഉത്സവമല്ല മറിച് ലോകം മുഴുവൻ ഒരുമയോടെ ആഘോഷിക്കുന്ന ഉത്സവമാണെന്നും അപർണ്ണ ബാലമുരളി പറഞ്ഞു.  

കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ്, പ്രസിഡൻറ് പി. ശ്രീകുമാർ, അപർണ ബാലമുരളിക്ക് സമ്മാനിച്ചു. നേരെത്തെ താലപ്പൊലിയും ചെണ്ടമേളവും, മാവേലിവരവേൽപ്പുമായി ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ ഒമാനിലെ പ്രശസ്ത കലാകാരൻ സുനിൽ ഗുരുവായൂരപ്പൻ അണിയിച്ചൊരുക്കിയ പാലക്കാട് ജില്ലയുടെ സമ്പന്നമായ സംസ്കാരവും കലാരൂപങ്ങളും അടങ്ങിയ "കരിമ്പനക്കാറ്റ്" എന്ന ദൃശ്യാവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യമായ അനുഭവമായി. 

കൂട്ടായ്മയിലെ അംഗങ്ങളുടെ തിരുവാതിരക്കളി, വടക്കൻപാട്ടിലെ ധീര വനിത ഉണ്ണിയാർച്ചയുടെ വീര കഥകൾ പറയുന്ന നൃത്താവിഷ്‌ക്കാരം, കൂട്ടായ്മയിലെ കുട്ടികളുടെ സിനിമാറ്റിക്ക് ഡാൻസ് എന്നിവ അരങ്ങേറി. 

യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാലമുരളിയും, പാലക്കാട് മുരളിയും, ഓർക്കസ്ട്രയും, ചേർന്നൊരുക്കിയ സംഗീത നിശയും അരങ്ങേറി. രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ സംഗീതജ്ഞരായ ബാലമുരളിയും, പാലക്കാട് മുരളിയും, ചേർന്നൊരുക്കിയ ഗാനമേള ഏറെ ആസ്വാദ്യമായി, തുടർന്ന് വിഭവസമൃദമായ ഓണസദ്യയും നടന്നു.  

പ്രസിഡൻറ് ശ്രീകുമാർ, വൈസ് പ്രസിഡൻറ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രധാന പ്രായോജകരായ ഗൾഫ് ഫാസ്റ്റ്നേഴ്സ് എൽ.എൽ.സി, കൊച്ചിൻ ഗോൾഡ്, സൺറൈസ് ഫിഷറീസ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി വീക്ഷിക്കാനെത്തിയവർക്ക് നിരവധി സമ്മാനങ്ങളും നൽകി. ഐസ്റ്റോൺ എൽ.എൽ.സിയുടെ ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ പരിപാടി നടന്നത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News