Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളുടെ യാത്രാ വിഷയത്തിൽ തുറന്ന സംവാദം

25 Jul 2024 21:41 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ച് ഒറ്റപ്പാലം പോലീസ്

നേർവഴി പദ്ധതിയുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ബസ്സുടമകളും വിദ്യാർത്ഥികളും തമ്മിൽ ഒരു തുറന്ന സംവാദം സംഘടിപ്പിച്ചത്. സ്റ്റേഷൻ പരിധിയിലെ ഇരുപത്തിയഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും,

പി ടി എ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ നേരിടുന്ന വിവിധങ്ങളായ യാത്ര പ്രശ്നങ്ങൾക്ക് ബസ്

ഉടമകളും, തൊഴിലാളികളും മറുപടി നൽകി. ഒറ്റപ്പാലം പോലീസും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വിഷയത്തിന്റെ നിയമവശം പങ്കുവെച്ചു.

ബസ് സ്റ്റോപ്പിൽ ബസ്സ് നിർത്താത്ത പ്രശ്നം, മുഴുവൻ കുട്ടികളേയും ബസിൽ കയറ്റുന്നില്ലായെന്ന കാര്യം, തൊഴിലാളികൾ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന വിഷയം, ഐ ടി ഐ പോലുള്ള കോഴ്സുകളിൽ പഠിക്കുന്ന പ്രായക്കൂടുതലുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാത്ത പ്രശ്നം, കൺസഷൻ തുക കഴിച്ച് ബാക്കി നൽകാത്ത പ്രശ്നം,ബസിൽ ഇരിക്കാൻ അനുവദിക്കാത്ത വിഷയം, പകുതി യാത്രയിൽ ഇറക്കി വിടുന്ന പ്രശ്നം, ട്യൂഷൻ സ്പെഷ്യൽ ക്ലാസ്സ് എന്നിവയ്ക്ക് കൺസെഷൻ ലഭിക്കാത്ത വിഷയം, എൻ സി സി , എസ് പി സി തുടങ്ങിയ പാഠ്യതര പ്രവർത്തനങ്ങൾക്ക് കൺസഷൻ അനുവദിക്കാത്ത പ്രശ്നം തുടങ്ങി വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾക്ക് പോലീസ്/എം വി ഡി ഉദ്യോഗസ്ഥർ നിയമപരമായ മറുപടി നൽകി.ബസ്സ് സ്റ്റാൻ്റിൽ നിന്ന് പുറപ്പെടുന്ന ബസ്സിൽ ഇരുപത് വിദ്യാർത്ഥികളെ വീതം കയറ്റണമെന്നും,മറ്റ് സ്റ്റോപ്പുകളിൽ നിന്ന് ആനുപാതികമായി വിദ്യാർത്ഥികളെ കയറ്റണമെന്നും ,കൈ കാണിച്ചാൽ സ്റ്റോപ്പിൽ നിർത്തണമെന്നും, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി കെ വത്സൻ കർശന നിർദ്ദേശം നൽകി. വിദ്യാർത്ഥികളും ബസ്സ് ജീവനക്കാരും തമ്മിൽ പരസ്പരം സഹകരിച്ച് മുന്നോട്ടു പോകണമെന്നും, ബസ്സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി മനോജ് കുമാർ പറഞ്ഞു. വിദ്യാർത്ഥികൾക്കോ, ബസ്സ് ജീവനക്കാർക്കോ ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ പോലീസ്/ എം വി ഡി ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരമുണ്ടാക്കാമെന്നും, യാതൊരു കാരണവശാലും ബസ്സുകൾ റോഡിൽ തടഞ്ഞ് സംഘർഷമുണ്ടാക്കുകയോ, മിന്നൽ പണിമുടക്ക് നടത്തുകയോ ചെയ്യരുതെന്ന് പോലീസ് എസ് എച്ച് ഒ അജീഷ് നിർദ്ദേശിച്ചു.കൺസെഷൻ ലഭിക്കുന്നതിന് സർക്കാർ, എയ്ഡഡ് കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിന്റെ ഒപ്പും സീലുമുള്ള അംഗീകൃത  കൺസെഷൻ കാർഡുകളും, സ്വകാര്യ, പാരലൽ, സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് 

ആർ ടി ഒ വിന്റെ ഒപ്പും സീലുമുള്ള അംഗീകൃത കൺസഷൻ കാർഡുകളും നിർബന്ധമാണെന്നും, ആഗസ്റ്റ് എട്ടു മുതൽ അംഗീകൃത 

കൺസഷൻ കാർഡ് ഇല്ലാത്തവർക്ക് യാത്രാ സൗജന്യം നൽകാനാവില്ലെന്നും ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി സുനിൽ കെ എസ് യോഗത്തിൽ അറിയിച്ചു. പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് യൂണിഫോമും, സ്കൂളിൽ നിന്ന് ലഭിക്കുന്ന തിരിച്ചറിയൽ കാർഡുമുണ്ടെങ്കിൽ കൺസെഷൻ ലഭിക്കുമെന്നും ട്യൂഷനും, സ്പെഷ്യൽ ക്ലാസ്സുകൾക്കും കൺസെഷൻ അനുവദിക്കാനാവില്ലെന്നും ബസ്സ് ഓണേഴ്സ് അസ്സോസിയേഷൻ ട്രഷറർ പി കെ സിദ്ദീഖ് പറഞ്ഞു. ഒറ്റപ്പാലം എൻ എസ് എസ് കെ

പി ടി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഷൊർണൂർ

ഡി വൈ എസ് പി

ആർ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ എ അജീഷ് അധ്യക്ഷനായി.

പി ടി എ പ്രസിഡൻ്റ് ശ്രീകുമാർ , ട്രാഫിക് എസ് ഐ മാരായ

പി വി സുഭാഷ്, വിനോദ് ബി നായർ, പ്രധാന അധ്യാപിക രാധിക ബാലചന്ദ്രൻ ,നേർവഴി പദ്ധതി കൺവീനർ

ടി പി പ്രദീപ് കുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News