Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 19:12 IST
Share News :
തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിർദേശങ്ങൾക്കനുസരിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും, നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
1995ലെ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (പിഡബ്ല്യുഡി) ആക്ട് പ്രകാരം മൂന്ന് ശതമാനവും, 2016ലെ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ആര്‍പിഡബ്ല്യുഡി) ആക്ട് പ്രകാരം നാല് ശതമാനവും സംവരണം ഭിന്നശേഷിക്കാർക്ക് നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ 1996 മുതൽ 2017 വരെ മൂന്ന് ശതമാനം സംവരണവും, പിന്നീട് നാല് ശതമാനം സംവരണവും നടപ്പാക്കേണ്ടതുണ്ട്.
ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. ഈ സമിതികളുടെ പ്രവർത്തനം ഇന്ന് ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടികൾ പൂർത്തിയാക്കുന്നതോടെ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയും.
ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം, താൽക്കാലികമായി നിയമനം ലഭിച്ച മറ്റ് അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉൾപ്പെടെ ഇതുവരെ 1100ൽ പരം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബർ 18നും 2021 നവംബർ എട്ടിനും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതനാടിസ്ഥാനത്തിലും ശമ്പളം നൽകും.
ഇവരുടെ നിയമനങ്ങൾ, ഭിന്നശേഷി നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് പെൻ നമ്പർ, കെഎഎസ്ഇപിഎഫ് അംഗത്വം എന്നിവ നൽകാനും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നൽകിയ ഹർജിയിൽ, ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവച്ച തസ്തികകൾ ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഈ വിധി എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
Follow us on :
Tags:
Please select your location.