Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഖാവ് സീതാറാം യെച്ചൂരിക്ക് ഒമാനിലെ പ്രവാസി സമൂഹം ആദരാഞ്ജലികളർപ്പിച്ചു

13 Sep 2024 00:13 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇന്നലെ അന്തരിച്ച കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിക്ക് ഒമാനിലെ പ്രവാസി സമൂഹം ആദരാഞ്ജലികളർപ്പിച്ചു. 


സഖാവ് സീതാറാം യച്ചൂരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിനു പൊതു വിലും മതേതര പുരോഗമന ശക്തികൾക്കും തീരാനഷ്ടമാണ്: വിത്സൺ ജോർജ് (ലോക കേരളസഭാംഗം)

നവലിബറല്‍ കാലത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്ക് എതിരെയും വർത്തമാനകാല ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെയും തൊഴിലാളി വർഗ്ഗത്തിൻ്റെ ചെറുത്തുനില്പിന് ദിശാബോധം നൽകിയ പോരാളിയും ധീഷണാശാലിയുമായിരുന്നു സഖാവ് സീതാറാം യച്ചൂരി. 

2016 ൽ അദ്ദേഹം മസ്ക്കറ്റ് സന്ദർശിച്ച അവസരത്തിൽ, മൂന്നുദിവസം നീണ്ടു നിന്ന അദ്ദേഹത്തിൻറെ സന്ദർശനത്തിലുടനീളം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനും അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനും കഴിഞ്ഞത് വ്യക്തിപരമായും, പ്രവാസ സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും വിലമതിക്കാനാകാത്ത അനുഭവമായാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിൻറെ ധീരമായ ഓർമ്മകൾ തൊഴിലാളി വർഗ്ഗത്തിൻറെ വരുംകാല പോരാട്ടങ്ങൾക്ക് ശക്തി പകരും.


മതേതര ഇന്ത്യയുടെ നഷ്ടം: അഹമ്മദ് റയീസ്.

മസ്‌കറ്റ്: സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യയുടെ തീരാ നഷ്ടമാണെന്ന് മസ്‌കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റയീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾകൊണ്ട് ഏറെ ശ്രദ്ധേയനായ നേതാവായിരുന്നു സഖാവ് യച്ചൂരി.രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലത്തും ഓർമ്മിക്കപ്പെടുമെന്നും അഹമ്മദ് റയീസ് കൂട്ടിച്ചേർത്തു. സഖാവ് യച്ചൂരിയുടെ വിയോഗത്തിൽ മസ്കറ്റ് കെഎംസിസി അനുശോചിച്ചു.


ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ടമാണ്: സിദ്ദിഖ് ഹസൻ (സാമൂഹ്യപ്രവർത്തകൻ)

ജനാധിപത്യം, മതനിരപേക്ഷ, സാമൂഹികനീതി തുടങ്ങിയ തത്വങ്ങളോട് യെച്ചൂരി പ്രകടിപ്പിച്ച അചഞ്ചലമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും. ന്യൂനപക്ഷത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനും കര്‍ഷകര്‍ക്കും വേണ്ടിയും തീവ്രപ്രത്യയ ശാസ്ത്രങ്ങള്‍ക്ക് എതിരായും യെച്ചൂരി സ്വീകരിച്ച നിലപാടുകളും ഇടപെടലുകളും വരും കാല സമൂഹത്തിനും മാതൃകയാണ്. വ്യക്തമായ ആശയവും കൃത്യമായ നിലപാടുകളും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. എങ്കിലും നോക്കിലും നടപ്പിലുമെല്ലാം സൗമ്യനായിരുന്നു. ഇടതുപക്ഷത്തെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാം മുന്നണിയുടെ പിന്നണിയിലും അദ്ദേഹത്തിന്റെ മികച്ച ഇടപെടലുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. യു പി എ - ഇടത് ബന്ധത്തിലെ സുപ്രധാന കണ്ണികൂടിയായിരുന്ന സീതാറാം യെച്ചൂരി ഏറെ സന്ദേശങ്ങള്‍ സമൂഹത്തിന് സമ്മാനിച്ചാണ് കടന്നുപോകുന്നത്. മതേതര ഇന്ത്യയെ ശക്തിപ്പെടുത്തിന് യെച്ചൂരിയുടെ ആശയങ്ങളും നിലപാടുകളും പിന്തുടരാം.


ഇന്ത്യാ മുന്നണിക്ക് വലിയ നഷ്ടം: ഒഐസിസി ഇൻകാസ്

സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യ മുന്നണിക്ക് തീരാനഷ്ടമാണ്.ജനാധിപത്യ മതേതരമുന്നണിയായ ഇന്ത്യ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഫാസിസ്റ്റ് വർഗീയതയെ ചെറുക്കാൻ സ്വന്തം ആശയം മുറുകെപ്പിടിച്ച പോരാളിയു മായിരുന്നു അന്തരിച്ച സഖാവ് യെച്ചൂരിയെന്നു മുതിർന്ന കോൺഗ്രസ്‌ / ഒഐസിസി ഇൻകാസ് നേതാവ് എൻ. ഒ. ഉമ്മൻ അനുശോചന കുറിപ്പിൽ അറിയിച്ചു.


ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായിരുന്ന സഖാവ് ഇ എം എസ്സിന്റെ കണ്ടെത്തലായിരുന്ന യെച്ചൂരി: റെജിലാൽ കോക്കാടൻ

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗിന്റെ വാർഷിക പരിപാടിയായ ശ്രീ നാരായണഗുരു അനുസ്മരണത്തിൽ പങ്കെടുക്കാൻ 2016 ൽ യെച്ചൂരി ഒമാൻ സന്ദർശിച്ചിരുന്നു. സാമൂഹ്യ പരിഷ്ക്കർത്താവ് എന്ന നിലയിലും തത്വചിന്തകൻ എന്ന നിലയിലും ഗുരുവിന്റെ സംഭാവനകളെ ആനുകാലിക രാഷ്ട്രീയവുമായി സമന്വയിപ്പിച്ച് സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച സഖാവിന്റെ പ്രഭാഷണം കേൾക്കാൻ ഒമാനിലെ വിവിധ തുറകളിൽപ്പെട്ട പ്രവാസികൾ ഒഴുകിയെത്തിയിരുന്നു. അദ്ദേഹം ആദ്യമായി ഗൾഫിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത് ഒമാനിലെ ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണത്തിലായിരുന്നു. പ്രഭാഷണത്തിനു ശേഷം പൊതുജനങ്ങളുമായി മുഖാമുഖവും സംഘടിപ്പിക്കപ്പെട്ടിരുന്നു. 

വാദി കബീറിലെ ക്രിസ്റ്റൽ സ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടി ജനബാഹുല്യം കണക്കിലെടുത്ത് രണ്ടു വേദികളിലായാണ് നടത്തിയതെന്ന് അക്കൊല്ലം കേരളാവിംഗ് കൺവീനറായിരുന്ന റെജിലാൽ കോക്കാടൻ ഓർമ്മിക്കുന്നു. അദ്ദേഹത്തിന് ഉപഹാരമായി ഒരു പുസ്തകം നൽകാൻ തീരുമാനിച്ച് അതേപ്പറ്റി ചെറിയ സൂചന നൽകിയപ്പോൾത്തന്നെ ആ പുസ്തകം അദ്ദേഹം നേരത്തേ തന്നെ വായിച്ചു കഴിഞ്ഞതായി പറഞ്ഞു. 

തിരക്കേറിയ ദൈനംദിന രാഷ്ട്രീയ ജീവിതത്തിനിടയിലും ആഴത്തിലുള്ള വായന ഒരു സപര്യയാക്കിയ ജനകീയ വിപ്ലവകാരിയെയാണ് തങ്ങൾക്ക് നേരിൽക്കാണാൻ കഴിഞ്ഞതെന്നും, അദ്ദേഹവുമായി പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം അദ്ദേഹത്തിന്റെ വായനയുടെ ആഴം കൂടുതൽ ബോധ്യപ്പെട്ടതായും റെജിലാൽ പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായിരുന്ന സഖാവ് ഇ എം എസ്സിന്റെ കണ്ടെത്തലായിരുന്ന യെച്ചൂരി, പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എത്ര മാത്രം സഹായകരമായി എന്ന് കാലം തെളിയിച്ചതായും, സഖാവ് യെച്ചൂരിയുടെ അകാലവിയോഗം ഇന്ത്യൻ ജനാധിപത്യ സമൂഹത്തിന് തന്നെയും വലിയൊരു നഷ്ടമാണെന്നും റെജിലാൽ കൂട്ടിച്ചേർത്തു. 

ഒമാനിലെ പ്രാചീന തുറമുഖ നഗരമായ മത്ര തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അദ്ദേഹത്തെ അനുഗമിക്കാൻ കഴിഞ്ഞതായും, മത്ര സൂഖിലേയും സമീപ കോഫീഷോപ്പുകളിലെയും തൊഴിലാളികളെ കണ്ട് കുശലം പറയാൻ അദ്ദേഹം സമയം കണ്ടെത്തിയത് ഹൃദ്യമായ അനുഭവമായിരുന്നുവെന്നും കേരളാവിംഗ് കോ കൺവീനർ ആയിരുന്ന വിൽസൺ ജോർജ് പറഞ്ഞു. സഖാവ് യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള പുരോഗമന ശക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടം തന്നെയാണെന്ന് ഒമാനിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾ പറഞ്ഞു.


സീതാറാം യെച്ചൂരിയുടെ വേർപാട് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് വലിയ നഷ്ടമാണ്: ബാലകൃഷ്‌ണൻ കുനിമ്മൽ

ഗുരുപ്രഭാഷണത്തിനായി മസ്ക്കറ്റിലെത്തിയ സഖാവ് ഹോട്ടൽ റൂം ഒഴിവാക്കി സഖാക്കളുടെ വീടുകളിലാണ് തങ്ങിയത്. വളരെ ഉയർന്ന ധിഷണാ ശാലിയായ ആ സഖാവ് നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇവിടുത്തെ സാധാരണ സഖാക്കളോട് ഇടപെട്ടിരുന്നത്. എല്ലാവരോടും വലിയ സ്നേഹത്തോടുകൂടിയായിരുന്നു പെരുമാറിയിരുന്നത്. ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന സഖാക്കളുടെ കൂടെ നിൽക്കാനും എത്രയോ തവണ അവരുടെ കൂടെ ഫോട്ടോ എടുക്കാനും ആ സഖാവ് തയ്യാറായി. ശ്രീനാരായണഗുരുവിനെ കുറിച്ചും കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് വഴിയൊരുക്കാൻ നവോത്ഥാന നേതാക്കന്മാർ വെട്ടിത്തെളിച്ച വഴി ഇടതുപക്ഷ മുന്നേറ്റത്തിന് വഴിയൊരുക്കി എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞുവെച്ചു. 

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച അപരിഷ്കൃതമായ സാഹചര്യങ്ങളിൽ നിന്ന് കേരളം രാജ്യത്തെ പുരോഗമന ശക്തികളുടെ ഈറ്റില്ലമായി മാറിയ സാഹചര്യങ്ങൾ അദ്ദേഹം അന്നത്തെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് ഇടതുപക്ഷത്തിന്റെ പടനായകരിൽ ഒരാൾ കൂടി കടന്നുപോകുന്നത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും യെച്ചൂരിയുടെ പ്രഭാഷണം തത്സമയം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ബാലകൃഷ്‌ണൻ കുനിമ്മൽ പറഞ്ഞു.


ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം

മികച്ച പാർലമെന്റേറിയനും വാഗ്മിയും വരേണ്യതയുടെ ചില്ലുകൂട്ടിൽ നിന്നിറങ്ങി അടിയാളർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച പോരാളിയെയുമാണ് നഷ്ടമായത്. 2016 ൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണത്തിനായി യെച്ചൂരി ഒമാനിൽ എത്തിയിരുന്നു. സമകാലിക രാഷ്ട്രീയത്തില്‍ മതേതര മൂല്യങ്ങളും ജനാധിപത്യ വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പം തന്നെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ്. സീതാറാം യെച്ചൂരിയുടെ വിയോഗത്തില് മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കേരള വിഭാഗത്തിന്റെയും അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായി കൺവീനർ സന്തോഷ് കുമാർ പറഞ്ഞു.


സീതാറാം യെച്ചൂരിയുടെ വേർപാട്, ഇന്ത്യയിലെ പുരോഗമന ജനാധിപത്യ രാഷ്ട്രീയത്തിന് കനത്ത നഷ്ട്ടം: കൈരളി ഒമാൻ

മസ്ക്കറ്റ്: സീതാറാം യെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്. ഇന്ത്യയിൽ കർഷക തൊഴിലാളി വർഗ രാഷ്ട്രീയം കൃത്യമായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടോടെ കെട്ടിപ്പടുക്കാൻ നിസ്വാർത്ഥമായി ശ്രമിച്ചിച്ച രാഷ്ട്രീയ നേതാവായിരുന്നു സീതാറാം യെച്ചൂരി. രാഷ്ട്രീയ പൊതുമണ്ഡലത്തിലെയും പാര്ലമെന്റിലയെയും അദ്ദേഹത്തിന്റെ ഇടപെടലുകൾ രാജ്യത്തിന്റെ മതേതര ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നതായിരുന്നു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും രാജ്യത്ത് പാർശ്വവത്കരിക്കപെട്ട ജന വിഭാഗങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുംവേണ്ടി പലയിടങ്ങളിലും വിവിധങ്ങളായ സമരങ്ങൾ നടത്തിയപ്പോൾ അതിന് നേതൃത്വം നൽകിയത് സീതാറാം യെച്ചൂരിയായിരുന്നു.

വർത്തമാനകാല ഇന്ത്യയിൽ യെച്ചൂരിയെ പോലുള്ള രാഷ്ട്രീയ നേതാവിന്റെ വിടവ് വളരെ വലുതായിരിക്കും. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ലോകത്തിന്റെ നാനായിടങ്ങളിലുമുള്ള ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളോടൊപ്പം കൈരളി ഒമാനും അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.


മൈത്രി മസ്കറ്റ്

ഇന്ത്യയിൽ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രധാനപങ്കുവഹിച്ച നേതാവായിരുന്നു സ സീതാറാം യെച്ചുരി അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യ മുന്നണിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനുതീരാനഷ്ട്ടമാണ് സമ്പവിച്ചിരിക്കുന്നതു സഖാവിന്റെ വിയോഗത്തിൽ മൈത്രി മസ്കറ്റ് ആദരാഞ്ജലികൾ അർപ്പിക്കുന്നു, മനോഹർ മണിക്കത്ത് കൺവീനർ മൈത്രി മസ്കറ്റ്



ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News