Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 19:59 IST
Share News :
വടക്കാഞ്ചേരി നഗരസഭയിലെ അകമലയിൽ ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ. ഇതിനായി സോളാർ ഫെൻസിങ്, റെയിൽവേയുടെ പ്രത്യേക പ്രതിരോധ പദ്ധതി, ആർ ആർ ടി പ്രതിരോധം, ജനജാഗ്രതാ സമിതി പ്രവർത്തനം എന്നിവ നടപ്പിലാക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അകമലയിൽ കാട്ടാനയിറങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തവെയാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.
നിരന്തരമായി രാത്രികാലങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും വീട്ടുമുറ്റത്തു വരെ എത്തുകയും ചെയ്യുന്നത് ജനങ്ങളുടെ ജീവനോപാധിക്കും സ്വത്തിനും ജീവനും ഭീഷണിയാവുകയാണ്. ഇത് പ്രതിരോധിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി നിരവധി ഇടപെടലുകൾ നടത്തി വരുന്നതായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി സോളാർ ഫെൻസിങിനായുള്ള പദ്ധതി ടെൻഡർ ഘട്ടത്തിലാണ്. വന്യമൃഗ സംഘർഷമുള്ള മേഖലകളിൽ ദ്രുത പ്രതികരണ സേനയുടെ (ആർ ആർ ടി) പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി എം എൽ എ കർശന നിർദ്ദേശം നൽകി. ആർ ആർ ടി ക്കായി ഒരു ഗെറ്റ് എവേ - ക്യാമ്പർ വാഹനം എം എൽ എ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചതിനെത്തുടർന്ന് ക്യാമ്പർ വാഹനം വാങ്ങുകയും വാഹനം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തുകയും ചെയ്തിട്ടുണ്ട്. കാട്ടാന സംഘർഷം മൂലം ഭീതി സൃഷ്ടിക്കപ്പെട്ട മേഖലകളിൽ ആർ ആർ ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസങ്ങളിൽ തന്നെ വാഹനം പ്രയോജനപ്പെടുത്താനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര ശ്രദ്ധ പ്രശ്ന ബാധിത മേഖലകളിൽ ഉണ്ടാകണമെന്ന് എം എൽ എ കർശന നിർദ്ദേശം നൽകി. ജനപങ്കാളിത്തത്തോടെ ആർ ആർ ടി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് റേയ്ഞ്ച് ഓഫീസർ അശോക് രാജ് അറിയിച്ചു. മുനിസിപ്പൽ തലത്തിൽ ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാട്ടാനയിറങ്ങുന്ന മേഖലയിലൂടെ റെയിൽവേ ലെയിൻ കടന്നുപോകുന്നതിനാൽ, സെൻസിറ്റീവ് സ്ട്രച്ചസ് ഓൺ എക്സിസ്റ്റിങ് റെയിൽവേ ലൈൻസ് ഫോർ ദ കൺസ്ട്രക്ഷൻ ഓഫ് പെർമനൻ്റ് മിറ്റിഗേഷൻ്റെ ഭാഗമായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും പ്രൊജക്റ്റ് എലഫൻ്റ് സയൻ്റിസ്റ്റ് ഡോ. ലക്ഷിനാരായണനും, റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലം സന്ദർശിക്കുകയും പ്രത്യേക പ്രതിരോധ പദ്ധതി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കാട്ടാന വീട്ടുമുറ്റത്ത് വരെ എത്തിയ മണികണ്ഠൻ, ബാബു പൂക്കുന്നത്ത്, കെ പി മദനൻ എന്നിവരുടെ വീടുകളും എം എൽ എ യും ഡി എഫ് ഓയും സന്ദർശിച്ച് വീട്ടുകാരുമായി സംസാരിച്ചു. അകമലയിലെ ജനവാസ മേഖലയിൽ നിന്നും കാട്ടാനകളെ തുരത്താനുള്ള പ്രത്യേക പദ്ധതികൾ ഡിവിഷണൽ തലത്തിൽ നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിച്ചതായി ഡി എഫ് ഓ അറിയിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യോടൊപ്പം ഡി എഫ് ഓ രവികുമാർ മീണ ഐ എഫ് എസ്, റേയ്ഞ്ച് ഓഫീസർ അശോക് രാജ്, നഗരസഭ കൗൺസിലർമാരായ കെ യു പ്രദീപ്, എ ഡി അജി, കെ എ ഫിറോസ്, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ കെ പ്രമോദ് കുമാർ, പി മോഹൻദാസ്, എം ജെ ബിനോയ്, കെ പി മദനൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.