Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎൽഎ വാക്കുപാലിച്ചില്ല: പള്ളിപ്പടി ജനകീയ സമിതി വീണ്ടും സമരമുഖത്തേക്ക്

13 May 2025 20:57 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി

മുൻസിപ്പാലിറ്റിയിലെ പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന കരുണ ക്യാൻസർ ആൻഡ് ഡയാലിസിസ് ഹോസ്പിറ്റൽ പരിസരവാസികളെ ദുരിതത്തിലാക്കി പ്രവർത്തിച്ച് ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി മലിനീകരണപ്രശ്നങ്ങൾ പരിഹരിക്കാമെന്നും ദുരിത ബാധിതർക്കൊപ്പം ചേർന്ന് നിൽക്കുമെന്നുള്ള വാഗ്ദാനങ്ങളിൽ നിന്നും തിരൂരങ്ങാടി മണ്ഡലം എംഎൽഎ കെ പി എ മജീദിൻ്റെ പിന്മാറ്റം ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയും ദുരിതബാധിതർക്ക് നേരെ നടത്തിയ അവഹേളനവുമാണെന്ന് പള്ളിപ്പടി ജനകീയ സമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 


ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയ എംഎൽഎ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ ധാർമികത ഉയർത്തിപ്പിടിച്ച് രാജിവയ്ക്കണം എന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. ഏപ്രിൽ മാസം പതിനാലാം തിയതി പള്ളിപ്പടിയിൽ റോഡ് ഉദ്ഘാടനത്തിന് എത്തുന്ന എംഎൽഎയെയും ജനപ്രതിനിധികളെയും ജനകീയ സമിതി പ്രവർത്തകർ തടയുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെ തുടർന്ന് മണ്ഡലം എംഎൽഎ കെപിഎ മജീദ് ജനകീയ സമിതിയുടെ പ്രതിനിധികളെ ചർച്ചക്ക് വിളിക്കുകയായിരുന്നു.


ചർച്ചയിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്


1. ദുരിതബാധിതർക്ക് നിത്യേന ഉപയോഗത്തിനുള്ള വെള്ളം ടാങ്കറുകളിൽ എത്തിക്കണം.

2. പരിമിതമായ സ്ഥലത്ത് നിയമവിരുദ്ധമായി വ്യാപിച്ച് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തി ഗണ്യമായി കുറവ് ചെയ്യണം

3. അനധികൃത നിർമ്മിതികൾ പൊളിച്ചു മാറ്റാൻ നഗരസഭ ക്രമ ലംഘിച്ചും ചട്ടവിരുദ്ധമായും നൽകിയ ഉത്തരവുകളും നോട്ടീസുകളും പുന:പരിശോധിക്കാനും തുടർനടപടികൾ വേഗത്തിൽ ആക്കാനും ജനകീയ സമിതി ആവശ്യപ്പെട്ടത്.


ഇക്കാര്യങ്ങൾ എംഎൽഎ അംഗീകരിക്കുകയും ചെയ്തതോട ജനകീയ സമിതി നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഇതിൽ ഒന്ന് പോലും പ്രാവർത്തികമാക്കാൻ കഴിയാത്ത എംഎൽഎയുടെ നിലപാടിൽ ജനകീയ സമിതി പ്രതിഷേധം രേഖപ്പെടുത്തി.


റോഡ് ഉദ്ഘാടന മാമാങ്കം ഭംഗിയായി നടത്താൻ എംഎൽഎ നടത്തിയ നാടകമായിരുന്നു ചർച്ച എന്നും ആരോപണമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരിതബാധിതരും പള്ളിപ്പടിയിലെ ജനകീയ സമിതി പ്രവർത്തകരും വീണ്ടും സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ്. വിശ്വാസ വഞ്ചന നടത്തിയ എംഎൽഎയെ എല്ലാവിധ പൊതുപരിപാടികളിൽ നിന്നും തടയുമെന്നും നഗരസഭ ഭരണകർത്താക്കളുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുമെന്നും ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.


അനധികൃത കെട്ടിടനിർമ്മാണം, അശാസ്ത്രീയമായ മാലിന്യ സംസ്കരണവും, ബയോ വേസ്റ്റുകൾ ഉൾപ്പടെ പരിസരത്തെ കിണറുകളിലേക്ക് പടർത്തുന്ന പരിസ്ഥിതി മലിനീകരണം തുടങ്ങി ഹോസ്പിറ്റൽ മാനേജ്മെൻറ് നടത്തുന്ന അപകടകരവും മനുഷ്യജീവന് ഭീഷണിയും ആകുന്ന തരത്തിലുള്ള കുറ്റകരമായ നിയമലംഘനങ്ങളും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അന്വേഷണങ്ങളിലും പരിശോധനകളിലും തെളിയിക്കപ്പെട്ടതാണ്.  അത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ പണവും സ്വാധീനവും ഉപയോഗിച്ച് നീട്ടിക്കൊണ്ടുപോവുകയാണ്. ഒരുപറ്റം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയും ഈ ആശുപത്രിക്ക് ഉണ്ടെന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.


സ്വന്തം മണ്ഡലത്തിൽ നടക്കുന്ന കൊടിയ പരിസ്ഥിതി മലിനീകരണങ്ങളും കരുണ ഹോസ്പിറ്റലിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ആദ്യം അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു എംഎൽഎ.

കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ കരുണ ഹോസ്പിറ്റൽ മാനേജ്മെന്റിലെ പ്രധാന വ്യക്തികളോട് നിത്യോപയോഗത്തിന് വെള്ളം നൽകാൻ നൽകാൻ ആവശ്യപ്പെടുമെന്ന ഉറപ്പു കൂടിയാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ശുദ്ധജലം എന്നത് ജനങ്ങളുടെ ജീവൽ പ്രശ്നമാണെന്നും അത് മലിനമാക്കാൻ ആരെയും അനുവദിക്കില്ലെന്നും വെള്ളം ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും ഉറപ്പുനൽകിയ എംഎൽഎ എന്ത് സ്വാധീനത്തിന്റെ ഭാഗമായാണ് ഇക്കാര്യങ്ങളിൽ നിന്ന് പിന്മാറിയത് എന്ന് വ്യക്തമാക്കണമെന്നും ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


രാഷ്ട്രീയ പടച്ചട്ട അഴിച്ച് വെച്ച് ജനപ്രതിനിധി എന്ന നിലയിൽ പൊതുജനങ്ങളിലേക്ക് എംഎൽഎ ഇറങ്ങണമെന്നും സമിതി ആവശ്യപ്പെട്ടു.

നഗരസഭയുടെ നിയമനടപടികൾ വേഗത്തിലാക്കുന്നതിന് എംഎൽഎ നിശ്ചയിച്ച മൂന്നംഗ സമിതിയെയും പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും എംഎൽഎയോ രൂപീകരിക്കപ്പെട്ട സമിതിയോ ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും സ്വീകരിച്ചതുമില്ല. 


അധികാരത്തിന്റെ തണലിൽ പാവപ്പെട്ട ജനങ്ങളെ അവഗണിക്കുകയും അവരുടെ വേദനകളെ ചവിട്ടിയരക്കുകയും ചെയ്യുന്ന അധികാരികളുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ധാർഷ്ട്യത്തിനും കെടുകാര്യസ്ഥതക്കും എതിരെ പള്ളിപ്പടിയിലെ പാവപ്പെട്ട വീട്ടമ്മമാരും കുട്ടികളും അടക്കമുള്ള ജനങ്ങൾക്ക് വീണ്ടും സമരത്തിന് ഇറങ്ങുമെന്നും പരിസരവാസികളുടെ ദുരിതത്തിന് പരിഹാരമാകുന്നത് വരെ സമര നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.


വാർത്താ സമ്മേളനത്തിൽ പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ, കൺവീനർ നൗഫൽ ഫാറൂഖ്, ജോ:കൺവീനർ ഡോ:മുഹമ്മദ് റഫീഖ്,അഷ്റഫ് ടി എം തുടങ്ങിയവർ സംബന്ധിച്ചു

Follow us on :

More in Related News