Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 21:17 IST
Share News :
കോട്ടയം: ജീവനോപാധിയായിരുന്ന പതിനൊന്നു പശുക്കളെ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട ക്ഷീര കർഷകൻ അനിൽകുമാറിന് ആശ്വാസവുമായി ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തിങ്കളാഴ്ച വൈകിട്ട് തീക്കോയി മേസ്തിരിപ്പടിയിലുള്ള വീട്ടിലെത്തി മന്ത്രി എച്ച്. എഫ്. ക്രോസ് ഇനത്തിൽപ്പെട്ട നാലു പശുക്കളെ കൈമാറി. ആകെയുണ്ടായിരുന്ന 17 പശുക്കളിൽ മൂന്ന് കിടാക്കളടക്കം 11 എണ്ണം നിലയില്ലാ വെളളത്തിൽ ശ്വാസം മുട്ടി ചാകുന്നത് നോക്കി നിൽക്കേണ്ടിവന്ന അനില്‍കുമാറിനെ മന്ത്രി കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും നേരിട്ട് എത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോർഡ്, കേരള വെറ്റിനറി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ/ കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമിതി എന്നിവർ നല്‍കിയ പശുക്കളെ മന്ത്രി കൈമാറി. കേരള വെറ്റിനറി അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്കും ബിന്ദു കൃഷ്ണ അനില്‍കുമാറിന് ചടങ്ങിൽ കൈമാറി.
കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്‍റ് ബി. ഗോപകുമാര്‍, മിൽമ എറണാകുളം മേഖലാ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ,തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആശ റിജു, കെ എൽ ഡി ബി മാനേജിംഗ് ഡയറക്ടർ ഡോ. ആർ. രാജീവ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിനു ഗോപിനാഥ്,ഡോ. അബ്ദുൽ ഫിറോസ് , ഡോ. ബിനോയ്, ഡോ. സ്മിത, ഡോ. അജിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
അവിവാഹിതനായ അനിൽകുമാർ മാതാപിതാക്കള്‍ക്കും സഹോദരന്‍റെ കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. വീടിനോടു ചേർന്നു തന്നെയാണ് പശുത്തൊഴുത്തും. രാത്രി ഉരുൾപൊട്ടി വെള്ളം ഇരച്ചു കയറുന്നത് കണ്ടപ്പോഴും പശുക്കളെ രക്ഷിക്കാനാവാതെ വന്നതിന്‍റെ വേദനയിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ജീവനക്കാരായി നാട്ടിലെത്തിയ മാതാപിതാക്കൾ തുടങ്ങിയ പശു പരിപാലനം ഉപജീവനമാർഗ്ഗം എന്ന നിലയിൽ അനിൽകുമാറും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ലഭിച്ച നാല് പശുക്കൾ മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ ആശ്വാസമാണെന്ന് അനിൽകുമാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.