Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഴിഞ്ഞദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പശുക്കളെ നഷ്ടമായ അനില്‍കുമാറിന് മന്ത്രി ബിന്ദു കൃഷ്ണ പശുക്കളെ കൈമാറി

03 Aug 2026 21:42 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ജീവനോപാധിയായിരുന്ന പതിനൊന്നു പശുക്കളെ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട അനിൽകുമാറിന് സമാശ്വാസവുമായി ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തിങ്കളാഴ്ച വൈകുന്നേരം തീക്കോയി മേസ്തിരിപ്പടിയിലെ വീട്ടിലെത്തി മന്ത്രി എച്ച്. എഫ്. ക്രോസ് ഇനത്തിൽപ്പെട്ട നാലു പശുക്കളെ കൈമാറി. 

ആകെയുണ്ടായിരുന്ന പതിനേഴു പശുക്കളിൽ മൂന്ന് കിടാക്കളടക്കം പതിനൊന്നെണ്ണം നിലയില്ലാ വെളളത്തിൽ ശ്വാസം മുട്ടി ചാകുന്നത് നോക്കി നിൽക്കേണ്ടിവന്ന അനില്‍കുമാറിനെ മന്ത്രി അനിൽകുമാറിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും നേരിട്ട് എത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

"ദിവസവും 60 ലിറ്റർ പാൽ വില്‍പ്പന നടത്തിയിരുന്ന ഞാന്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് മന്ത്രി എത്തിയത്. എന്നെപ്പോലുള്ള ക്ഷീരകർഷകർക്ക് ഇതുപോലുള്ള അവസ്ഥ താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇത്തരം അവസരങ്ങളിൽ സർക്കാർ സംവിധാനം കൂടെ നിൽക്കുന്നത് ആശ്വാസമാണ്."അനിൽകുമാർ പറഞ്ഞു.

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോർഡ് നല്‍കിയ രണ്ട് പശുക്കളെയും കേരള വെറ്റിനറി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമിതിയും നല്‍കിയ ഓരോ പശുക്കളെയുമാണ് മന്ത്രി കൈമാറിയത്. കേരള വെറ്റിനറി അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്കും ബിന്ദു കൃഷ്ണ അനില്‍കുമാറിനു നല്‍കി. വാഗമണ്ണിലെ കെ.എൽ .ഡി .ബി യിൽ നിന്ന് ആണ് പശുക്കളെ എത്തിച്ചത്

കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്‍റ് ബി. ഗോപകുമാര്‍, മിൽമ എറണാകുളം മേഖലാ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ,തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആശ റിജു, കെ എൽ ഡി ബി മാനേജിംഗ് ഡയറക്ടർ ഡോ. ആർ. രാജീവ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിനു ഗോപിനാഥ്,ഡോ. അബ്ദുൽ ഫിറോസ് , ഡോ. ബിനോയ്, ഡോ. സ്മിത, ഡോ. അജിൻ ജോസ്,ബേബി തോമസ്, ഹരി മണ്ണുമഠം, രോഹിണി ബായ് ഉണ്ണികൃഷ്ണൻ, കെ.കെ. വിജയൻ ടി.ടി .തോമസ്, ഓമന ഗോപാലൻ, കൃപ ബിജു എന്നിവർ സന്നിഹിതരായിരുന്നു.

 അവിവാഹിതനായ അനിൽകുമാർ മാതാപിതാക്കള്‍ക്കും സഹോദരന്‍റെ കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. വീടിനോടു ചേർന്നു തന്നെയാണ് പശുത്തൊഴുത്തും.  രാത്രി വൈകി മാത്രം ഉറങ്ങാറുള്ള ഇദ്ദേഹം ഉരുൾപൊട്ടി വെള്ളം ഇരച്ചു കയറുന്നത് കണ്ടപ്പോഴും പശുക്കളെ രക്ഷിക്കാനാവാതെ വന്നതിന്‍റെ വേദനയിൽ നിന്ന് മുക്തനായിട്ടില്ല.

വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ജീവനക്കാരായി നാട്ടിലെത്തിയ മാതാപിതാക്കൾ തുടങ്ങിയ പശു പരിപാലനം ഉപജീവനമാർഗ്ഗം എന്ന നിലയിൽ അനിൽകുമാറും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ലഭിച്ച നാല് പശുക്കൾ മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.



Follow us on :

More in Related News