Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 23:02 IST
Share News :
കുന്ദമംഗലം: മർകസ് 47-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും ഞായറാഴ്ച((16-02-25) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ ഖത്മുൽ ബുഖാരി ദർസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, മത്സ്യതൊഴിലാളി സംഗമം, എക്സ്പോ, പ്രാർഥന സദസ്സ്, പ്രാസ്ഥാനിക സംഗമം ഉൾപ്പെടയുള്ള അനുബന്ധ പരിപാടികൾക്ക് നാളെ (വെള്ളി) തുടക്കമാവും. തിങ്കളാഴ്ച രാവിലെ 6 ന് നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സംഗമത്തോടെ സമ്മേളന പരിപാടികൾ സമാപിക്കും.
നാളെ(വെള്ളി) രാവിലെ 9 ന് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സിയാറത്തോടെ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കമാവും. ഉച്ചക്ക് മത്സ്യ തൊഴിലാളി സംഗമവും വൈകുന്നേരം പതാക ഉയർത്തലും നടക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർഥന സദസ്സിൽ മർകസിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളും സ്നേഹജനങ്ങളും പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 10 ന് 'പരിവർത്തന കാലത്തെ വിദ്യാഭ്യാസം' എന്ന പ്രമേയത്തിൽ എഡ്യു സിമ്പോസിയം ആരംഭിക്കും. സർവകലാശാല മേധാവികളും അക്കാദമിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഹദീസ് കോൺഫറൻസിൽ ആധുനിക കാലത്തെ ഹദീസ് വായനകളെ കുറിച്ചുള്ള വിവിധ പഠനങ്ങൾ അവതരിപ്പിക്കും.
വൈകുന്നേരം 5 മണിക്ക് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച 509 സഖാഫി മത പണ്ഡിതർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് നൽകും. ശേഷം സനദ് ദാന പ്രഭാഷണവും 50-ാം വാർഷിക പ്രഖ്യാപനവും നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരണവും നിർവഹിക്കും.
വിശിഷ്ട സേവനങ്ങൾക്കുള്ള പുരസ്കാര വിതരണവും പുസ്തക പ്രകാശനവും വേദിയിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. കോടമ്പുഴ ബാവ മുസ്ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ത്വാഹ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. അബ്ദുസ്സലാം, ഡോ. അബൂബക്കർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിതരും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറയും.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആറ് പതിറ്റാണ്ട് നീണ്ട അധ്യാപന ചരിത്രത്തിൽ ആഗോള പ്രശസ്തി നേടിയ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമം തിങ്കളാഴ്ച(17.02.25) രാവിലെ 6 മണിക്ക് നടക്കും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിലെ ഏറ്റവും വലിയ ആധികാരിക ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. സംഗമത്തിൽ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും സാദാത്തുക്കളും ആത്മീയ നേതാക്കളും സംബന്ധിക്കും.
Follow us on :
More in Related News
Please select your location.