Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 18:17 IST
Share News :
ഇടുക്കി:ചെറുതോണിയിൽ നിന്ന് കെ.എസ്ആർ. ടി.സി അന്തർജില്ലാ സർവീസ് ആരംഭിക്കുമെന്ന് റോഷി അഗസ്റ്റിൻ.2025 ന്റെ തുടക്കത്തിൽതന്നെ ചെറുതോണി ബസ് സ്റ്റാൻഡിൽ നിന്ന് അന്തർജില്ലാ സർവീസുകൾ ആരംഭിക്കും. സർക്കാരിൻറെ നാലാം നൂറ്ദിന പരിപാടിയുടെ ഭാഗമായി ജലവിഭവവകുപ്പിന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം തടിയംപാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് അധികമായി ആവശ്യമുള്ള 20 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് നൽകും. മോട്ടോർവാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള അധിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും തനത് ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കുകയും ടെണ്ടർ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. അതിന് പുറമെയുള്ള ആവശ്യങ്ങൾക്കാണ് എം എൽ എ ഫണ്ടിൽ നിന്ന് പണം അനുവദിക്കുന്നത്.
കെ എസ് ആർ ടി സി യൂണിറ്റ് ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ ഗ്രാമീണ മേഖലകളിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിക്കാനും അതുവഴി ഗ്രാമീണജനതയുടെ ഗതാഗതപ്രശ്നങ്ങൾക്ക് അറുതിവരുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിൽ എല്ലായിടത്തും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികൾ ദ്രുതഗതിൽ നടത്തി വരികയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അന്പത്തിനാല് ശതമാനം ഗ്രാമീണഭവനങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞു. ആകെ എഴുപത്ലക്ഷത്തി എൺപത്തിയ്യായിരം ഗ്രാമീണഭവനങ്ങളാണ് കേരളത്തിലുള്ളത് .കൃഷിയിടങ്ങളെയും തൊഴിലിടങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള ഭൂപരിഷ്കരണ നിയമമാകും സംസ്ഥാനത്ത് രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ നിർമ്മിച്ചിട്ടുള്ളത്.
പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് , ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് ,ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫ് , ജലനിധി ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായ ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ , പഞ്ചായത്തംഗം സെലിൻ വിൽസൺ തുടങ്ങിയവർ പങ്കെടുത്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് സ്വാഗതം ആശംസിച്ച പരിപാടിയിൽ ജലനിധി റീജിയണൽ പ്രൊജക്ട് ഡയറക്ടർ ബിജുമോൻ കെ. കെ. പദ്ധതി വിശദീകരണം നടത്തി.
Follow us on :
More in Related News
Please select your location.