Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഭാഗീയതകൾക്ക് കുടപിടിക്കുന്നവരെ അകറ്റി നിർത്തുക- ഷുക്കൂർ സ്വലാഹി

29 Jul 2024 16:04 IST

enlight media

Share News :

മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നമസ്കരിക്കാൻ സൗക്യര്യം ചെയ്ത് തരുമോ എന്ന മുസ്ലിം വിദ്യാർഥികളുടെ അപേക്ഷയും അതുണ്ടാക്കിയ വിവാദവുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങളാൽ ഏത് വിവാദവും മുഖരിതമാവുണ്ട്. പക്ഷെ ചർച്ചകളെ വർഗീയതയുടെ ശീലയിൽ പൊതിഞ്ഞ് കേരളത്തിൻ്റെ കമ്മ്യൂണൽ ഹാർമണിക്ക് മേൽ കരിമ്പടം പുതപ്പിക്കുന്നത് അത്യന്തം അപകടകരമാണെന്ന് പറയാതെ വയ്യ.


മുസ്‌ലിംകൾ അഞ്ച് നേരത്തെ നിർബന്ധ നമസ്കാരങ്ങൾ സമയബന്ധിതമായി നിർവഹിക്കാൻ പരിശ്രമിക്കുന്നവരാണ്. മസ്ജിദുകളെ ആണ് ഈ ആരാധനക്കായ് സാധാരണ നിലയിൽ അവലംബിക്കാറുള്ളത്. പള്ളികളുടെ അഭാവത്തിൽ വൃത്തിയും വെടിപ്പുമുള്ള ഇടങ്ങളിൽ അവരത് നിർവഹിക്കുന്നു. വിദ്യാലയങ്ങൾ , ജോലി സ്ഥലങ്ങൾ, ആശുപത്രികൾ, മാളുകൾ തുടങ്ങിയിടത്തെല്ലാം പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി തന്ന് കൊണ്ട് കേരളീയ പൊതു സമൂഹം മുസ്‌ലിം സമൂഹത്തിൻ്റെ ആ സവിശേഷതയെ ആദരപൂർവ്വം അംഗീകരിക്കാറുമുണ്ട്. 


അനിതരമായ ഈ സൗഹാർദ്ദ അന്തരീക്ഷം കേരളത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത കൂടിയാണ്. എന്നാൽ വർഗീയ ദ്രുവീകരണം നടത്തി നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യങ്ങൾക്ക് വിഘാതമാണ് ഈ സവിശേഷത. ഏതവസരങ്ങളേയും അവരതിനെ തകർക്കാൻ ശ്രമിക്കുന്നു. ഈ വിവാദവും അതിനുള്ള ഇന്ധനമാക്കാനുള്ള വർഗീയ കക്ഷികളുടെ ശ്രമങ്ങൾ പരാജയപ്പെടുത്തുക തന്നെ വേണം.


പ്രഥമമായി പള്ളികളാണ് നമസ്കാരയിടങ്ങൾ, അവിടെ സ്ത്രീകൾക്കും നമസ്കരിക്കാൻ ഇസ് ലാം വിലക്കേർപ്പെടുത്തിയിട്ടില്ല. പള്ളികളുടെ അഭാവത്താൻ ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി സമയബന്ധിതമായി നിർവഹിക്കുക. അനുവാദമില്ലാത്ത സ്ഥലങ്ങളിൽ നിർവഹിച്ചു വാശി തീർക്കേണ്ട ഒന്നല്ല നമസ്കാരം. പൊതുജനങ്ങൾക്ക് ശല്യമോ അസൗകര്യമോ സൃഷ്ടിക്കാതിരിക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ സ്വീകരിക്കാവുന്ന ജംഅ് പോലുള്ള ഇളവുകൾ സ്വീകരിക്കുക. നമസ്കരിക്കാൻ അനുവാദമില്ലാത്ത  കാമ്പസുകളുടെ പരിസരങ്ങളിൽ മുസ്ലിം സംഘടനകളും മഹല്ല് കമ്മിറ്റികളും ആരുടെയും ഔദാര്യങ്ങൾക്ക് കാത്തുനിൽക്കാതെ ആരാധനാ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക..


 ക്രൈസ്തവ മുസ്‌ലിം സമൂഹങ്ങൾക്കിടയിൽ ബോധപൂർവ്വം വിഭാഗീയത സൃഷ്ടിക്കാൻ പരിശ്രമിക്കുന്ന കാസ പോലുള്ള വർഗീയ സംഘടനകളെ അകറ്റി നിർത്തുക. അത്തരമാളുകളുടെ കെണിയിൽ വീഴുന്നതിൽ നിന്ന് മുഖ്യധാര ക്രിസ്ത്യൻ സംഘടനകൾ ജാഗ്രത പാലിക്കുക. പരസ്പരമുള്ള വിഭാഗീയത നാളിതുവരെ നാം ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾ തകരുന്നതിനു മാത്രമേ കാരണമാകൂവെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

Follow us on :

More in Related News