Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂർ താമിര്‍ ജിഫ്രി കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

05 May 2024 14:24 IST

Jithu Vijay

Share News :

മലപ്പുറം : താനൂർ താമിര്‍ ജിഫ്രി കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. താമിർ ജിഫ്രിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയാകും സിബിഐ സംഘം ഇനി അന്വേഷിക്കുക. പൊലീസ് ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും. മറ്റൊരു സബ് ഡിവിഷണൽ പരിധിയിൽ നിന്നാണ് ഡാൻസാഫ് സംഘം താമിർ ജഫ്രിയെ പിടികൂടിയത്. ഇത് എസ്പി, ഡിവൈഎസ്പി എന്നിവരുടെ അനുമതി ഇല്ലാതെ കഴിയില്ല എന്നാണ് സിബിഐയുടെ നിഗമനം.


ഒന്നാം പ്രതി ജിനേഷ് (സീനിയര്‍ സിപിഒ താനൂർ സ്റ്റേഷൻ), രണ്ടാം പ്രതി

ആല്‍ബിന്‍ അഗസ്റ്റിന്‍ (സിപിഒ പരപ്പനങ്ങാടി സ്റ്റേഷൻ), മൂന്നാം പ്രതി

അഭിമന്യു (സിപിഒ കല്‍പ്പകഞ്ചേരി സ്റ്റേഷൻ), നാലാം പ്രതി വിപിന്‍ (സിപിഒ തിരൂരങ്ങാടി സ്റ്റേഷൻ) എന്നിവരെ

എറണാകുളം സി ജെ എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. അറസ്റ്റിലായ നാല് പൊലീസുകാരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ സിബിഐ നാളെ കോടതിയിൽ സമർപ്പിക്കും.


പ്രതികൾക്കെതിരെ ചുമത്തിയത് 8 വകുപ്പുകൾ


IPC 302 കൊലപാതക കുറ്റം


IPC 342 അന്യായമായി തടങ്കിൽ വെക്കുക


IPC 346 രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ


IPC 348 ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക


IPC 330 ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ


IPC 323 ദേഹോപദ്രവം ഏല്പിക്കൽ


IPC 324 ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏല്പിക്കൽ



IPC 34 സംഘം ചേർന്നുള്ള അതിക്രമം



കുറ്റകൃത്യത്തിൽ പങ്കാളികളായ പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സിബിഐ നടപടി എന്താണ് എന്നാണ് ഇനി അറിയേണ്ടത്.

േവലം ലഹരിക്കേസായി താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം എഴുതിതള്ളാനുള്ള പോലീസ് നീക്കം പൊളിഞ്ഞതും എൻലൈറ്റ് ന്യൂസടക്കമുള്ള

മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ സർക്കാറിനെയും, പോലീസിനെയും പ്രതിസ്ഥാനത്ത് ആക്കിയതിലൂടെയായിരുന്നു.



2023 ആഗസ്റ്റ് 1ന് പുലര്‍ച്ചെ 1.45നാണ് താമിര്‍ ജിഫ്രി അടങ്ങുന്ന അഞ്ചംഗ സംഘത്തെ 18.5 ഗ്രാം എംഡിഎംഎയുമായി താനൂർ ദേവധാർ മേൽപ്പാല പരിസരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പോലീസിന്റെ നിലപാട്. താമിര്‍ ജിഫ്രി നേരത്തെയും ലഹരി മരുന്ന് കേസില്‍ പ്രതിയായിരുന്നെന്നും മൂന്നോളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പുലർച്ചെ നാല് മണിയോടെ തളർന്നു വീണതായി അറിയിക്കുകയുമായിരുന്നു. ഉടൻ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു.


എന്നാൽ താമിർ ജിഫ്രിയെ താനൂരിൽ നിന്നല്ല അറസ്റ്റ് ചെയ്തതെന്നതിൻ്റെ തെളിവുകൾ എൻലൈറ്റ് ന്യൂസടക്കമുള്ള

മാധ്യമങ്ങൾ പുറത്ത് വിട്ടു. മഫ്തിയില്‍ എത്തിയ മലപ്പുറം എസ് പിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം ജൂലൈ 31ന് വൈകുന്നേരമാണ് താമിർ ജഫ്രി ഉൾപ്പെടെയുള്ള സംഘത്തെ ചേളാരിയിൽ നിന്ന് പിടികൂടുന്നത്. പിന്നീട് സ്വിഫ്റ്റ്, ആള്‍ട്ടോ, നിക്സോൺ അടക്കം മൂന്ന് കാറുകളിലായി 12 പേരെ മഫ്തിയിലെത്തിയ സംഘം താനൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടതും, താമിറിനെ കസ്റ്റഡിയില്‍ എടുത്തത് താനൂരില്‍ നിന്നല്ല ചേളാരിയിൽ നിന്നാണെന്ന നിര്‍ണ്ണായക വിവരങ്ങൾ സഹോദരൻ ഹാരിസ് ജിഫ്രി വെളിപ്പെടുത്തിയതും പോലീസിനെ പ്രതിസ്ഥാനത്താക്കി.


താമിറിന്റെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെന്നും ശരീരത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നെന്നുമുള്ള സഹോദരന്റെ വെളിപ്പെടുത്തല്‍ മരണത്തിലെ ദുരൂഹത ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളായി മാറി. സഹോദരന്റെ മരണവിവരം പൊലീസ് അറിയിച്ചത് വളരെ വൈകിയാണെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആരോപിച്ചിരുന്നു. താമിറിനെ ചേളാരിയിലെ വാടകമുറിയിൽ നിന്ന് ആണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പിന്നീട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

താമിറിനെ കസ്റ്റഡിയില്‍ എടുത്തത് താനൂരില്‍ നിന്നാണെന്ന പൊലീസ് വാദം നുണയാണെന്ന് തെളിയിക്കുന്ന സാക്ഷിമൊഴിയും. ചേളാരി ആലുങ്ങലിലെ വാടകുറിയില്‍ നിന്നാണ് താമിറിനെ കസ്റ്റഡിയില്‍ എടുത്തതെന്ന കെട്ടിട ഉടമ സൈനുദ്ദീന്റെ വെളിപ്പെടുത്തിയതും കേസിൽ നിർണ്ണായകമായി.  


താമിർ ജിഫ്രിയെ പോലീസ് മർദ്ദിക്കുന്നത് നേരില്‍ കണ്ടുവെന്ന് ജിഫ്രിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വെളിപ്പെടുത്തലാണ് കസ്റ്റഡി മർദ്ദനത്തിലാണ് താമിർ കൊല്ലപ്പെട്ടതെന്ന വിവരം ഉറപ്പിച്ചത്. 

ിന്നീട് ക്രൈംബ്രാഞ്ചിനും,സിബിഐയ്ക്കും മുന്നിൽ ഇവർ ഈ മൊഴി ആവർത്തിച്ചതാണ് കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.



 താമിര്‍ ജിഫ്രി കുഴഞ്ഞുവീണത് 4.25 നാണെന്നായിരുന്നു പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് താമിര്‍ മരിച്ചെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാൽ എഫ്‌ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത് രാവിലെ 7.03നാണ്. താമിറിന്റെ മരണശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ലഹരി മരുന്ന് കേസ് ചേര്‍ത്തുള്ള എഫ്‌ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. എഫ്‌ഐആറില്‍ പേരില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. എസ്പിക്ക് കീഴിലുള്ള പ്രത്യേക ആന്റി നാര്‍ക്കോട്ടിക് സംഘമായ ഡാന്‍സാഫ് സ്വാഡിലെ ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ ഇവര്‍ക്ക് കേസുമായി എന്താണ് ബന്ധമെന്ന സൂചന എഫ്‌ഐആറില്‍ ഇല്ലായിരുന്നു.


ുലര്‍ച്ചെ 1.45ന് താമിറിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നായിരുന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താമിറിനെ സ്റ്റേഷനില്‍ എത്തിച്ചത് 2.45നാണെന്നാണ് എഫ്‌ഐആറിലുള്ളത്. താമിര്‍ ജിഫ്രിയെ താനൂരില്‍ നിന്നാണ് പിടികൂടിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ചേളാരിയില്‍ നിന്നാണ് പിടികൂടിയതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ചോളാരിയില്‍ നിന്നും പിടികൂടിയ താമിറിനെ താനൂരില്‍ എത്തിച്ചത് എന്തിനാണെന്ന കുടുംബത്തിന്റെ ചോദ്യവും, മരണവിവരം കുടുംബത്തെ അറിയിക്കുന്നത് മൂന്നര മണിക്കൂറിന് ശേഷമാണെന്നും സഹോദരന്‍ ഹാരിസ് തുടക്കത്തിലെ എൻലൈറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.


കേസന്വേഷണത്തിലെ അപാകതകൾ പുറത്ത് വന്നതോടെ സർക്കാർ ഇടപ്പെട്ട്

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ആദ്യം ജില്ലാ ക്രൈംബാഞ്ചിനെ ചുമതലപ്പെടുത്തിയ അന്വേഷണം പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. താമിറിനെ

കസ്റ്റഡിയിലെടുത്ത സ്‌റ്റേഷനിലെ മുകളിലത്തെ നിലയിലുള്ള  പോലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ നിന്ന് രക്തക്കറ അന്വേഷക സംഘം കണ്ടെത്തിയിരുന്നു. പിന്നീട് രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.


താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചതാണ് കേസിൽ വഴിത്തിരിവാകുന്നത്. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെ സ്ഥലം മാറ്റണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊലപാതകം നടത്തിയ പോലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നുവെന്നും കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കുന്നുവെന്നും ഹർജിയിൽ ഹാരിസ് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2023 സെപ്തംബർ എട്ടിന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിച്ച് കേസ് ഏറ്റെടുക്കാൻ സിബിഐക്ക് നിർദ്ദേശം നൽകുകയായിരുന്നു. 


സെപ്തംബർ 20ന് സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താമിറിൻ്റെ സഹോദരൻ നൽകിയ ഹർജിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ സൂചിപ്പിച്ചിരുന്നു. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെ സ്ഥലം മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ സിബിഐ അറസ്റ്റ് ചെയ്തവരിൽ ഉന്നത ഉദ്യോഗസ്ഥരില്ല. ഡിവൈഎസ് പി വി വി ബെന്നിയുടെ ഫോൺ സംഭാഷണം അന്വേഷണത്തിൽ നിർണായകമാകും. എസ്ഐ കൃഷ്ണലാലിനോട് മൊഴി നൽകരുതെന്ന് പറഞ്ഞതുൾപ്പെടെയുള്ള സംഭാഷണങ്ങളാണ് പരിശോധിക്കുക

താനൂർ സ്റ്റേഷനിലെ ലിബിൻ എന്ന പൊലീസുകാരനുമായും എസ് ഐ കൃഷ്ണലാലുമായും വി വി ബെന്നി നടത്തിയ സംഭാഷണങ്ങളും എൻലൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 




കേസിന്‍റെ നാൾവഴികൾ


2023 ജൂലൈ 31- ലഹരി കൈവശം വച്ചെന്ന് ആരോപിച്ച് താമിർ ജിഫ്രിയുൾപ്പെടെ 12 പേരെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു


2023 ജൂലൈ 31-ഏഴ് പേരെ വെറുതെവിട്ടു, അഞ്ച് പേരെ പ്രതി ചേർത്തു


ഓഗസ്റ്റ് 1-കസ്റ്റഡിയിൽ ഇരിക്കെ താമിർ ജിഫ്രി മരിച്ചു


ഓഗസ്റ്റ് 2- 8 പൊലീസുകാർക്ക് സസ്പെൻഷൻ


ഓഗസ്റ്റ് 8- ശരീരത്തിൽ 21 മുറിവുകൾ,പൊലീസ് മർദനവും മരണത്തിന് കാരണം

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്


ഓഗസ്റ്റ് 10- : അന്വേഷണം സിബിഐക്ക് വിട്ടു


ഓഗസ്റ്റ് 13- നാല് പോലീസുദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി


ഓഗസ്റ്റ് 21- റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ


ഓഗസ്റ്റ് 25- കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കണമെന്ന് ഹൈക്കോടതി


ഓഗസ്റ്റ് 26- കസ്റ്റഡി മരണത്തിൽ പ്രതിപട്ടിക ക്രൈം ബ്രാഞ്ച് സമർപ്പിച്ചു


സെപ്റ്റംബർ 15 - ക്രൈം ബ്രാഞ്ച് കേസ് രേഖകൾ സിബിഐക്ക് കൈമാറി


മെയ് 4- പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ










Follow us on :

More in Related News