Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് ഖാർഗെ

01 Jun 2024 18:26 IST

Enlight Media

Share News :

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങള്‍ക്കു മുന്നോടിയായി ന്യൂഡല്‍ഹിയില്‍ ഇന്ത്യ മുന്നണി നേതാക്കൾ യോഗംചേര്‍ന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിർണായക യോഗം ചേർന്നത്. കെജ്‌രിവാൾ, രാഘവ് ഛദ്ദ, അഖിലേഷ് യാദവ്, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെ 23 പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോ ഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മമത ബാനർജിയും എംകെ സ്റ്റാലിനും യോഗത്തിൽ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ലെന്ന് മമത മുൻകൂട്ടി വ്യക്തമാക്കിയിരുന്നു. ഡി.എം.കെയെ പ്രതിനിധീകരിച്ച് ടി.ആർ. ബാലു യോഗത്തില്‍ പങ്കെടുത്തു.

വോട്ടെണ്ണൽ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ മല്ലികാർജുൻ ഖാർഗെ എക്സിൽ പങ്കുവച്ചു. പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല, എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർവ്വശക്തിയുമുപയോഗിച്ച് പോരാടി, ജനങ്ങൾ തങ്ങളെ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്‌മെന്റ് ചെയർമാൻ പവൻ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയായി, വിധി നിശ്ചിതമാണ്. ജൂൺ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷൻ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാൻ ഒരുകാരണവും കാണുന്നില്ല എന്നായിരുന്നു പവൻ ഖേര എക്‌സിൽ കുറിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് പിന്നീട് നിലപാട് മാറ്റി. എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാമെന്നാണ് പുതിയ നിലപാട്.

Follow us on :

More in Related News