Mon May 19, 2025 10:38 AM 1ST

Location  

Sign In

ഹോളി ഗ്രേസ് അക്കാദമി സിൽവർ ജൂബിലി

19 Dec 2024 21:32 IST

WILSON MECHERY

Share News :

മാള:

മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.ഇ സ്‌കൂള്‍ 25-ാം വാര്‍ഷികാഘോഷത്തിന്റെ ('സില്‍വെറന്‍ ജുബിലിയം') ആദ്യ ദിന പരിപാടികള്‍ ഇരിങ്ങാലക്കുട അതിരൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സമൂഹത്തിന് വലിയ സേവനമാണ് 25 വര്‍ഷമായി ഹോളി ഗ്രെയ്‌സ് അക്കാദമി കാഴ്ച വയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക തലത്തില്‍ മികവാര്‍ന്ന വിജയത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും സ്‌കൂളിനെ വേറിട്ടു നിര്‍ത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിലെ പ്രധാന ലക്ഷ്യസ്ഥാനമായി ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ ചെയര്‍മാന്‍ ബെന്നി ജോണ്‍ അയിനിക്കല്‍ അധ്യക്ഷത വഹിച്ചു. 25 വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയിലെ നിരന്തര മുന്നേറ്റത്തിലൂടെ ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിച്ച സ്‌കൂളിന്റെ ചരിത്രവും നേട്ടങ്ങളും അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനി എം. വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം നിര്‍വ്വഹിച്ചു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സുറുമി നസീര്‍, സ്‌കൂള്‍ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് യാനിസ്, സ്‌പോട്‌സ് ക്യാപ്റ്റന്‍ ആഷ്‌ലി മോന്‍സി എന്നിവര്‍ പ്രസംഗിച്ചു. 

കര്‍ണ്ണാടക സംഗീതം, പാശ്ചാത്യ നൃത്തം എന്നിവയുടെ അരങ്ങേറ്റത്തോടെ പരിപാടികള്‍ ആരംഭിച്ചു. പ്രീ-കെജി മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ഗ്ഗവാസനകള്‍ അവതരിപ്പിച്ചു. ആയോധന കല, യോഗ പ്രദര്‍ശനം, എന്നിവയും 'സോള്‍ ഓഫ് ഇന്ത്യ', തീം ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രജത ജൂബിലി ലോഗോ പ്രകാശനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും മുഖ്യാതിഥികള്‍ നിര്‍വ്വഹിച്ചു. 

വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ദിന (വെള്ളിയാഴ്ച-20-12-2024) പരിപാടികളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ബി. കമാല്‍ പാഷ നിര്‍വ്വഹിക്കും. തൃശ്ശൂര്‍ ജില്ലാ റൂറല്‍ പോലിസ് മേധാവി നവനീത് ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. 6-ാം ക്ലാസ്സുമുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഇതോടൊപ്പം നടക്കും.

 

 

Follow us on :

More in Related News