Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫോഗട്ട് യഥാര്‍ത്ഥ പോരാളിയാണെന്ന് ഹോക്കി താരം പി ആര്‍ ശ്രീജേഷ്

14 Aug 2024 09:58 IST

Shafeek cn

Share News :

ന്യൂഡല്‍ഹി: വിനേഷ് ഫോഗട്ട് യഥാര്‍ത്ഥ പോരാളിയാണെന്ന് ഇന്ത്യന്‍ ഹോക്കി ഇതിഹാസതാരം പി ആര്‍ ശ്രീജേഷ്. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രീജേഷ്. അവരുടെ വേദന ഒരു പുഞ്ചിരിക്ക് പിന്നില്‍ ഒളിച്ചുവെച്ചെന്ന് തോന്നിയെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കല മെഡല്‍ പോരാട്ടത്തിന് മുന്‍പ് ഞാന്‍ വിനേഷ് ഫോഗട്ടിനെ കണ്ടിരുന്നു. ‘ആശംസകള്‍ ഭയ്യാ, നന്നായി കളിക്കൂ’ എന്ന് അവര്‍ എന്നോട് പറഞ്ഞു. ആ പുഞ്ചിരിയില്‍ അവരുടെ വേദന മറച്ചുപിടിക്കുകയാണെന്ന് എനിക്ക് തോന്നി. ഫോഗട്ട് ഒരു യഥാര്‍ത്ഥ പോരാളിയാണ്’, ശ്രീജേഷ് പറഞ്ഞു.


‘ഫൈനലിലെത്തിയ വിനേഷ് മെഡല്‍ അര്‍ഹിച്ചിരുന്നു. അവളില്‍ നിന്ന് അവരത് തട്ടിയെടുക്കുകയായിരുന്നു. വിനേഷ് വളരെ കരുത്തുള്ള താരമാണ്. അവരുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല’, ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതി വിധി പറയുന്നത് വീണ്ടും നീട്ടിയിരിക്കുകയാണ്. ആഗസ്റ്റ് 16 വെള്ളിയാഴ്ചത്തേയ്ക്കാണ് വിധി പറയാന്‍ നീട്ടിയിരിക്കുന്നത്.


പാരിസ് ഒളിംപിക്‌സ് 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതല്‍ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനല്‍ വരെയെത്തിയതിനാല്‍ വെള്ളി മെഡലിന് തനിക്ക് അര്‍ഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഗുസ്തി നിയമങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്‌ലിംഗ് ബോഡി പറയുന്നത്.


പാരിസ് ഒളിംപിക്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ആറ് മെഡലോടെ 71-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം. വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചതോടെയാണ് ടോക്കിയോ ഒളിംപിക്‌സിലെ ഏഴ് മെഡലുകള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയത്.

Follow us on :

More in Related News